കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ അതിവേഗം 15000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 58 റണ്‍സെടുത്താണ് രോഹിത് നേട്ടത്തിലെത്തിയത്. മൊത്തം പട്ടികയില്‍ രോഹിത് പത്താമനായാണ് ഇടം കണ്ടെത്തിയത്.
ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അതിവേഗം 15000 റണ്‍സ് പിന്നിട്ട ആദ്യ താരം. 331 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. രോഹിത് 352 ഇന്നിങ്‌സുകള്‍ കളിച്ചാണ് 15000 തികച്ചത്. 361 ഇന്നിങ്‌സുകളില്‍ നിന്നു ഇത്രയും റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അതിവേഗക്കാരില്‍ മൂന്നാമന്‍.
15000 റണ്‍സ് പിന്നിട്ട ഓപ്പണര്‍ പട്ടികയില്‍ വീരേന്ദര്‍ സെവാഗും നേരത്തെ ഇടം കണ്ടു. മൂന്നാമനായി ഇപ്പോള്‍ രോഹിതും ഇടം പിടിച്ചു. സനത് ജയസൂര്യ, ക്രിസ് ഗെയ്ല്‍, ഗ്രെയം സ്മിത്ത്, ഡെസ്മണ്ട് ഹെയ്ന്‍സ്, തമിം ഇഖ്ബാല്‍, അലസ്റ്റയര്‍ കുക്ക് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. മൂന്ന് ഫോര്‍മാറ്റിലുമായി 333 മത്സരങ്ങള്‍ കളിച്ചാണ് രോഹിത് നേട്ടത്തിലെത്തിയത്. നിലവില്‍ ക്യാപ്റ്റന്റെ റണ്‍സ് ശേഖരം 15039.
ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 47 പന്തിലാണ് രോഹിത് 58 റണ്‍സ് കണ്ടെത്തിയത്. ക്യാപ്റ്റന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി. ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിച്ചിരുന്നു.

















