മുംബൈ: മുൻ ഇന്ത്യൻ നായകനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശർമയുടെ വിരമിക്കൽ വാർത്തകൾ തള്ളി ബിസിസിഐ. ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ഏകദിന മത്സരം രോഹിത് ശർമയുടെ ഇന്ത്യൻ ജേഴ്സിയിലെ അവസാന മത്സരമാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ പോരാട്ടം മുൻ നായകന്റെ ഇന്ത്യക്കായുള്ള അവസാന മത്സരമായിരിക്കില്ലെന്ന എന്ന കാര്യത്തിൽ ബിസിസിഐ വ്യക്തത വരുത്തി. രോഹിത് ശർമ ഇപ്പോഴും ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ മുൻനിരയിൽ തന്നെയുണ്ടെന്ന് വ്യക്തമാക്കി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി.
2027ലെ ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സെലക്ടർമാർ ഓരോ ഏകദിന ടീം തിരഞ്ഞെടുപ്പും സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങിയതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഉയർന്നുവന്നത്. ഈ ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം ടീമിൽ അദ്ദേഹത്തിന് സ്വയമേവ സ്ഥാനം ലഭിക്കില്ലെന്ന വാർത്തകളും പുറത്തു വന്നിരുന്നു. പിന്നാലെയാണ് വിശദീകരണം. രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ബിസിസിഐ യാതൊരുവിധ തീരുമാനവും എടുത്തിട്ടില്ലെന്നും ദേവജിത് സൈകിയ വ്യക്തമാക്കി.
‘രോഹിത് ശർമയുടെ ഭാവിയെക്കുറിച്ച് മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച ലോർഡ്സിൽ രോഹിത് കളിക്കുന്നത് അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു.’
‘രോഹിത് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥിര സാന്നിധ്യമാണ്. ടീമിന്റെ പദ്ധതികളിൽ ഉൾപ്പെടുന്നിടത്തോളം കാലം അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിക്കുന്നത് തുടരും. ലളിതമായി പറഞ്ഞാൽ ലോർഡ്സിലെ ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കില്ല’- പിടിഐയോട് സംസാരിക്കവെ സൈകിയ പറഞ്ഞു.
2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാകുന്ന സാഹചര്യത്തിൽ സെലക്ടർമാർ ഓരോ കളിക്കാരന്റെയും ഫോമും ഫിറ്റ്നസും വിലയിരുത്താൻ താത്പര്യപ്പെടുന്നുണ്ടെന്നും അതിനാൽ രോഹിത് ശർമയ്ക്ക് ഇനി ടീമിൽ സ്ഥാനം ഉറപ്പായിരിക്കില്ലെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മികച്ച പ്രകടനങ്ങളിലൂടെ ടീമിലെ സ്ഥാനം അർഹിക്കുന്നിടത്തോളം കാലം രോഹിത്തിന് മുന്നിൽ ഇന്ത്യൻ ടീമിന്റെ വാതിലുകൾ തുറന്നുതന്നെ കിടക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ 300 മത്സരങ്ങൾ തികയ്ക്കുന്ന എട്ടാമത്തെ താരം എന്ന നാഴികക്കല്ലിലേക്ക് എത്തുവാൻ രോഹിത് ശർമയ്ക്ക് ഇനി വെറും 13 മത്സരങ്ങൾ കൂടി മതി.


















