കോഴിക്കോട് : കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള റോപ് വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. കോഴിക്കോട് മുതല്‍ വയനാട് വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം മേഖലയിലെ സാഹസിക ടൂറിസത്തിന് ഉത്തേജനം നല്‍കാനും ലക്ഷ്യമിട്ടുള്ളതാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച റോപ്പ്‌വേ പദ്ധതി.
കോഴിക്കോട് അടിവാരം മുതല്‍ വയനാട്ടിലെ ലക്കിടി വരെ ബന്ധിപ്പിക്കുന്ന 3.67 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള, 200 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്‌ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) അടുത്തിടെ അനുമതി നല്‍കിയിരുന്നു.
അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവില്‍ നിന്ന് ആരംഭിച്ച് മുകളിലുള്ള ലക്കിടിയില്‍ അവസാനിക്കും. 68 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 40 എസി കേബിള്‍ കാറുകള്‍ റോപ്പ്‌വേയില്‍ ഉണ്ടായിരിക്കും. അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ റോപ്പ്‌വേയ്ക്കായി 40 ടവറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വയനാട്ടില്‍ നിന്ന് അടിവാരത്തേക്ക് രോഗികളെ കൊണ്ടുപോകുന്നതിന് ഒരു ആംബുലന്‍സ് കേബിള്‍ കാര്‍ സൗകര്യവുമുണ്ടാകും.
നിലവില്‍ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ ഒമ്പത് ഹെയര്‍പിന്‍ വളവുകളുള്ള താമരശ്ശേരി ചുരം റോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. കനത്ത ഗതാഗതക്കുരുക്ക് മൂലം പലപ്പോഴും ആളുകള്‍ മണിക്കൂറുകളോളം റോഡില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.
രണ്ട് ഹെക്ടര്‍ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ, അടിവാരത്തിനും ലക്കിടിക്കും ഇടയിലുള്ള യാത്രാ സമയം വെറും 15 മിനിറ്റായി കുറയ്ക്കും. സമയം ലാഭിക്കുന്നതിനൊപ്പം, താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും റോപ്പ്‌വേ യാത്ര ആളുകള്‍ക്ക് അവസരമൊരുക്കുന്നു.
പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയില്‍ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് പറഞ്ഞു. വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട വികസന ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്, അതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. അടിവാരത്തെ ആദ്യത്തെ ഹെയര്‍പിന്‍ വളവിന് സമീപം റോപ്പ്‌വേ ആരംഭിച്ച് ഒമ്പതാം വളവിന് ശേഷം ലക്കിടിയില്‍ അവസാനിക്കും. റോപ്പ്‌വേ കടന്നുപോകുന്ന വനഭൂമിക്ക് പകരമായി നൂല്‍പ്പുഴയില്‍ അഞ്ച് ഏക്കര്‍ ഭൂമി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.