ആകാശത്തെ അതിരറ്റ് സ്നേഹിച്ച പെണ്‍കുട്ടിയായിരുന്നു റോഷ്നി സോങ്ഹാരെ. ആകാശത്ത് സംഭവിച്ച ഒരു ദുരന്തത്തില്‍ തന്നെ ആ ജീവനും പൊലിഞ്ഞു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലാണ് ഫ്‌ളൈറ്റ് അറ്റന്‍ഡന്റും ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സറുമായ 27കാരിയായ റോഷ്‌നി വിട പറഞ്ഞത്.
ഇന്‍സ്റ്റഗ്രാമില്‍ അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സുള്ള റോഷ്നി ‘സ്‌കൈ ലവ്സ് ഹെര്‍’ എന്നാണ് തന്റെ അക്കൗണ്ടിന് പേര് നല്‍കിയിരിക്കുന്നത്. അറുപതിനായിരത്തിന് അടുത്ത് ഫോളോവേഴ്സ് ഉണ്ടായിരുന്ന അക്കൗണ്ടില്‍ റോഷ്നി അധികവും പങ്കുവെച്ചിരുന്നത് ജോലിക്കിടയില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് പകര്‍ത്തിയ ചിത്രങ്ങളും റീലുകളുമാണ്. അപകടത്തിന് ഒരാഴ്ച്ച മുമ്പും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട് വര്‍ഷം മുമ്പാണ് മുംബൈയില്‍ നിന്ന് താനെയിലേക്ക് റോഷ്നിയുടെ കുടുംബം താമസം മാറിയത്. ഏവിയേഷന്‍ മേഖലയില്‍ ജോലി ചെയ്യുക എന്നതായിരുന്നു റോഷ്നിയുടെ സ്വപ്നം. കഠിനധ്വാനത്തിലൂടെ നേടിയെടുത്ത എയര്‍ ഇന്ത്യയുടെ യൂണിഫോം അഭിമാനത്തോടെയാണ് അവള്‍ ധരിച്ചിരുന്നതെന്നും അവളുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷ്നിയുടെ ബന്ധു വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് റോഷ്നിയോട് സംസാരിച്ചിരുന്നുവെന്നും അന്ന് രാത്രി ഡ്യൂട്ടി കഴിഞ്ഞശേഷം അവള്‍ വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും റോഷ്നിയുടെ ഫാമിലി ഡോക്ടറായ ഗിരിഷ് ഘന്‍ഡ്ഗെ പ്രതികരിച്ചു.