തിരുവനന്തപുരം: ശബരിമലയിലെത്തുന്ന ഭക്തജനങ്ങള്‍ക്കും ദേവസ്വം ജീവനക്കാര്‍ക്കും സമഗ്ര അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ആരംഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ഭക്തര്‍ക്കും ജീവനക്കാര്‍ക്കും പുറമെ ആയിരത്തിലധികം വരുന്ന വിശുദ്ധിസേനാംഗങ്ങള്‍ക്കായി പ്രത്യേകഅപകട സുരക്ഷാ പദ്ധതി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ദേവസ്വം ജീവനക്കാര്‍ക്കും ഭക്തജനങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണുള്ളത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലാ പരിധിയില്‍ അപകടം സംഭവിച്ചാല്‍ ഭക്തജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കും. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തര്‍ ഈ പരിരക്ഷയില്‍ വരും. യുണൈറ്റഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി വഴിയാണ് ഇന്‍ഷുറന്‍സ് നടപ്പാക്കുന്നത്. ഇതിന്റെ പോളിസി തുക പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പിഎസ് പ്രശാന്ത് അറിയിച്ചു.
വിശുദ്ധി സേനാംഗങ്ങള്‍ക്കായി പുതുതായി തൊഴിലിടങ്ങളിലെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ പ്രയോജനം ആയിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികള്‍ക്കും താല്‍പര്യമുള്ള ഡോളി തൊഴിലാളികള്‍ക്കുമാണ് ലഭിക്കുന്നത്. ഇന്ത്യാ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേനയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നും അദ്ദേഹം പറഞ്ഞു.