പത്തനംതിട്ട: ശബരിമലയില്‍ പൈങ്കുനി ഉത്ര ഉത്സവത്തിന് സമാപനം കുറിച്ച് ഇന്നു (വെള്ളിയാഴ്ച) പകല്‍ 11ന് പമ്പയില്‍ ആറാട്ട് നടക്കും. ആറാട്ടിനായി രാവിലെ 9ന് പമ്പയിലേക്ക് പുറപ്പെടും. ഘോഷയാത്ര 11ന് പമ്പ ഗണപതി കോവിലില്‍ എത്തും. തിടമ്പ് ആനപ്പുറത്തുനിന്ന് ഇറക്കി ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.
തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യകാര്‍മികത്വത്തിലാണ് ആറാട്ട്. ആറാട്ടിന് ശേഷം ദേവനെ പമ്പാ ഗണപതി കോവിലില്‍ എഴുന്നള്ളിച്ചിരുത്തും. വൈകീട്ട് നാലിനാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ആറാട്ട് മടക്കഘോഷയാത്ര. സന്നിധാനത്ത് എത്തിയ ശേഷം ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കും. പിന്നീട് ദേവനെ അകത്തേയ്ക്ക് എഴുന്നള്ളിക്കും. അതിന് ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം.
അതിനിടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്ന അയ്യപ്പസ്വാമിയുടെ പള്ളിവേട്ടയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കായി പതിനെട്ടാംപടി ഇറങ്ങിയത്. ശരംകുത്തിയില്‍ പ്രത്യേകം തയ്യാര്‍ ചെയ്ത ‘കുട്ടി വനത്തില്‍’ ആയിരുന്നു പള്ളിവേട്ട. വാളും പരിചയുമേന്തി കുറുപ്പും അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പും ഒപ്പം നീങ്ങി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്‍മികത്വത്തിലായിരുന്നു പള്ളിവേട്ട. വാദ്യമേളത്തോടെ ആഘോഷമായിട്ടായിരുന്നു മടക്കയാത്ര. പള്ളിവേട്ട കഴിഞ്ഞതിനാല്‍ അശുദ്ധമായി എന്ന സങ്കല്‍പ്പത്തില്‍ രാത്രി ശ്രീകോവിലിന് പുറത്താണ് ദേവന്‍ പള്ളിയുറങ്ങിയത്.