ശബരിമലയില്‍ ഭക്തപ്രവാഹം; അരവണയില്‍ വീണ്ടും നിയന്ത്രണം,ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്ര

Dec 23, 2025

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ശബരിമലയില്‍ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീര്‍ഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റര്‍ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പൊലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേര്‍ ദര്‍ശനം നടത്തി. സ്‌കൂളുകളില്‍ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.

കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതല്‍ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേര്‍ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.

അരവണയ്ക്ക് നിയന്ത്രണം
കരുതല്‍ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാള്‍ക്ക് 10 ടിന്‍ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കരുതല്‍ ശേഖരം 5 ലക്ഷത്തില്‍ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാന്‍ ഇടയായത്. 15 മുതല്‍ ഒരാള്‍ക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുന്‍പില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

സന്നിധാനത്ത് ഇന്നും നാളെയും കര്‍പ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ അയ്യപ്പ സ്വാമിയോടുള്ള പ്രാര്‍ഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കര്‍പ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.

തങ്കഅങ്കി രഥഘോഷയാത്ര
അതിനിടെ അയ്യപ്പന് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂര്‍വം ഗുരുസ്വാമിമാര്‍ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടക്കും.

മണ്ഡലകാല തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ച് ശബരിമലയില്‍ മണ്ഡലപൂജ ശനിയാഴ്ചയാണ്. പരീക്ഷകള്‍ അവസാനിച്ച് ക്രിസ്മസ് അവധിക്കാലം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കെ വരുംദിവസങ്ങളില്‍ തിരക്ക് വര്‍ധിച്ചേക്കാം. മണ്ഡലപൂജ നടക്കുന്ന 27ന് വെര്‍ച്വല്‍ ക്യൂ വഴി 35000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. 27ന് രാവിലെയാണ് മണ്ഡലപൂജയെങ്കിലും അത്താഴപൂജ കഴിഞ്ഞ് രാത്രി പത്തിനാകും നട അടയ്ക്കുക.

ശനിയാഴ്ച രാവിലെ 10.10 നും 11.30നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ മണ്ഡലപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30ന് പൂര്‍ത്തിയാകും. അന്നേദിവസം രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് പരിസമാപ്തി കുറിക്കും. തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ 1973ല്‍ സമര്‍പ്പിച്ചതാണ് 420 പവന്‍ തൂക്കമുള്ള തങ്കഅങ്കി. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിനു നട തുറക്കും. അന്നു പ്രത്യേക പൂജകളില്ലെങ്കിലും ദര്‍ശനം നടത്താം. മകരവിളക്കു കാലത്തെ പൂജകളും അഭിഷേകവും 31നു പുലര്‍ച്ചെ മൂന്നിന് ആരംഭിക്കും.

ജനുവരി 14ന് ആണ് മകരവിളക്ക്. എരുമേലി പേട്ട തുള്ളല്‍ ജനുവരി 11നും. മകരസംക്രമ സന്ധ്യയില്‍ അയ്യപ്പ സ്വാമിക്ക് ചാര്‍ത്താനുള്ള തിരുവാഭരണവുമായുള്ള ഘോഷയാത്ര ജനുവരി 12നു പന്തളം കൊട്ടാരത്തില്‍നിന്നു പുറപ്പെട്ട് 14നു വൈകിട്ടു സന്നിധാനത്തെത്തും. ശരംകുത്തിയില്‍നിന്നു സ്വീകരിച്ച് ആഘോഷമായി സന്നിധാനത്ത് എത്തിച്ച് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

LATEST NEWS
‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

‘യുഡിഎഫ് വഴിയമ്പലമല്ല, അന്‍വര്‍ കുറച്ച് കൂടി അനുസരണയോടെയും മാന്യതയോട് കൂടി ഇടപെടണം’

തിരുവനന്തപുരം: യുഡിഎഫ് മുന്നണി വിപുലീകരണത്തില്‍ നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന...