ശബരിമല: പത്തു ദിവസത്തെ ഉത്സവത്തിനായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തിങ്കളാഴ്ച രാവിലെ 11.30നും 12നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റും. രണ്ടാം ഉത്സവ ദിനമായ ചൊവ്വാഴ്ച മുതല്‍ രാവിലെ 7 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ.
രണ്ടാം ഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ ഉത്സബലി ഉള്ളതിനാലും പള്ളിവേട്ട, ആറാട്ട് ദിവസങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളുള്ളതിനാലുമാണ് നെയ്യഭിഷേക സമയം ചുരുക്കിയത്. ഉത്സവബലി നടക്കുന്നതിനാല്‍ രണ്ടാംഉത്സവം മുതല്‍ എട്ടാം ഉത്സവംവരെ രാവിലെ ഒമ്പതിനുശേഷം പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കില്ല. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി ദര്‍ശനത്തിനാണ് പിന്നീട് അനുവദിക്കുക. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ 25,000 പേര്‍ക്കുമാത്രമേ ദര്‍ശനം അനുവദിക്കൂ. ആറാട്ട് ദിവസം 10,000 പേര്‍ക്കേ ദര്‍ശനത്തിന് അവസരമുള്ളൂ.
എന്നാല്‍ വൈകീട്ട് 5 ന് നടതുറന്നതിന് ശേഷമുള്ള ദര്‍ശനം പതിവുപോലെ ഉണ്ടാകു. . 31-നാണ് പള്ളിവേട്ട. ക്ഷേത്രത്തില്‍നിന്ന് രാത്രി എട്ടരയ്ക്ക് ശരംകുത്തിയിലേക്ക് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത് പുറപ്പെടും. ഏപ്രില്‍ ഒന്നിന് ഭഗവാന് പമ്പയില്‍ ആറാട്ട്. അന്ന് രാവിലെ ഒമ്പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. പമ്പാനദിയിലെ പ്രത്യേകം തയ്യാറാക്കുന്ന കടവിലാണ് 11 മണിക്ക് ആറാട്ട്. അന്ന് രാത്രി 10 ന് നട അടയ്ക്കും.



















