പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട.
തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്, സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍, ശബരിമല എഡിഎം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്ടിലേക്ക് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.
മകരവിളക്ക് ദിവസം സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ പന്തളത്തു നിന്നും പുറപ്പെടും. പന്തളം കൊട്ടാരത്തിലെ കുടുംബാംഗം മരിച്ച സാഹചര്യത്തില്‍ വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ ഇക്കുറിയില്ല.
രാജപ്രതിനിധിയും ഘോഷയാത്രയെ അനുഗമിക്കില്ല. ഈ മാസം 15 ന് വൈകീട്ട് ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോകും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും പൊന്നമ്പലമേട്ടില്‍ മകരജ്യോതിയും തെളിയും.