ഒളിമങ്ങാത്ത ചിരി!, സലിംകുമാറിന്റെ സംസ്‌കാരം ഇന്ന്; ഉച്ചയ്ക്ക് ഒരു മണി വരെ പറവൂരില്‍ പൊതുദര്‍ശനം

Jun 7, 2026

കൊച്ചി: സലിം കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിതുമ്പി മലയാള സിനിമാ- സാംസ്‌കാരിക ലോകം. അന്തരിച്ച സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നു രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. മുഖ്യമന്ത്രി വി ഡി സതീശന്‍ പറവൂരിലെത്തി അന്ത്യോപചാരമര്‍പ്പിക്കും.

രാവിലെ എട്ടു മണിയോടെ കൊച്ചിയിലെ ആശുപത്രിയില്‍ നിന്നും സലിംകുമാരിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്നാണ് പറവൂര്‍ ടൗണ്‍ഹാളില്‍ ജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പൊതുദര്‍ശനത്തിന് വെയ്ക്കുക. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ ഒന്നും പാടില്ലെന്നതായിരുന്നു സലിംകുമാറിന്റെ നിലപാട്. വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും സലിംകുമാര്‍ വീട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ് വിട വാങ്ങിയത്. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി അച്ഛനാണ് സലിം എന്ന പേരിട്ടത്. സ്‌കൂളില്‍ ചെന്നപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് സലിമിനൊപ്പം കുമാര്‍ കൂട്ടിചേര്‍ത്തത്. മാല്യങ്കര എസ്എന്‍എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് സലിം കുമാറിന്റെ ആദ്യസിനിമ. ഇതുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013 ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം നേടി. കറുത്ത ജൂതൻ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള 2016 ലെ സംസ്ഥാന പുരസ്കാരത്തിന് അർഹനായി.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ കറുത്ത ജൂതൻ ഉൾപ്പെടെ മൂന്ന് സിനിമകൾ സലിംകുമാർ സംവിധാനം ചെയ്തു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. കറുത്ത ജൂതൻ്റെ കഥയും തിരക്കഥയും നിർവ്വഹിച്ചത് സലിംകുമാറായിരുന്നു. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കംപാർട്ട്മെന്റ് ആണ് മൂന്നാമത്തെ സിനിമ. ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന പേരിൽ ഓർമക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്. സുനിതയാണ് ഭാര്യ. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.

cake tower new
LATEST NEWS
‘വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ’

‘വ്യക്തിപരമായ നഷ്ടങ്ങളെ കുറിച്ച് ഓര്‍ക്കാതെ രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞയാള്‍; നഷ്ടമായത് കൂടപ്പിറപ്പിനെ’

തിരുവനന്തപുരം: അന്തരിച്ച സിനിമാ താരം സലിം കുമാറിന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി വിഡി...