കല്ലറ തുറക്കുന്നതില്‍ പേടി എന്തിനെന്ന് നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബത്തോട് ഹൈക്കോടതി

Jan 15, 2025

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിക്കല്ലറ കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്ന് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്റെ മരണസര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈകോടതി ചോദിച്ചു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കും എന്നും കോടതി വ്യക്തമാക്കി.

കല്ലറ പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആര്‍ഡിഒ ഒരു ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചിലേക്കാണ് ഈ ഹര്‍ജി വന്നത്. ഗോപന്റെ മരണ സര്‍ട്ടിഫിക്കറ്റ് എവിടെ എന്ന് കോടതി ചോദിച്ചു. അന്വേഷണം തടയാനാകില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ട്. അസ്വാഭാവിക മരണമാണോ സ്വാഭാവിക മരണമാണോ എന്ന് തിരിച്ചറിയേണ്ടതുണ്ട് – കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് കോടതി ആവശ്യപ്പെട്ടു. മരണം എവിടെ അംഗീകരിച്ചു എന്നത് കൂടി വ്യക്തമാക്കണം. സ്വാഭാവിക മരണമാണെങ്കില്‍ അംഗീകരിക്കാം. കല്ലറ തുറന്ന് പരിശോധിക്കുന്നതിനെ എന്തിനാണ് പേടിക്കുന്നത് എന്നും സി എസ് ഡയസ് ചോദിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ക്ക് വിഷയത്തില്‍ നോട്ടീസ് അയച്ചു. കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജി അടുത്തയാഴ്ചത്തേക്ക് മാറ്റി.

മരണശേഷമുള്ള 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ കഴിയണമെന്ന് കൂടിയാണ് കുടുംബം ആവശ്യപ്പെടുന്നത്. കല്ലറ പൊളിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് റദ്ദാക്കണമെന്നും കുടുംബം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. സ്വാമി സമാധിയായത് തന്നെയാണെന്ന് ഭാര്യ ആവര്‍ത്തിച്ചു. എന്നാല്‍ സമാധിയായെന്ന നോട്ടീസ് നേരത്തെ അച്ചടിച്ചതാണോ എന്നതിലടക്കം പൊലീസിന് സംശയമുണ്ട്.

LATEST NEWS