121 റണ്‍സുമായി സഞ്ജുവിന്റെ ആറാട്ട്; അവസാന പന്തില്‍ സിക്‌സര്‍ പറത്തി കൊച്ചിയുടെ വിജയഗാഥ

Aug 25, 2025

തിരുവനന്തപുരം: സ്വന്തം മണ്ണില്‍ ഉറച്ചുനിന്ന് സഞ്ജു സാംസണ്‍ തകര്‍ത്തടിച്ച മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് നാലു വിക്കറ്റ് വിജയം. കൊല്ലം സെയ്‌ലേഴ്‌സ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറിലെ അവസാന പന്തില്‍ കൊച്ചിയെത്തി. 51 പന്തുകള്‍ നേരിട്ട സഞ്ജു 121 റണ്‍സെടു. 18 പന്തില്‍ 45 റണ്‍സടിച്ച മധ്യനിര താരം മുഹമ്മദ് ആഷിഖാണ് 20ാം ഓവറിലെ അവസാന പന്ത് സിക്‌സര്‍ തൂക്കി കൊച്ചിയെ വിജയത്തിലെത്തിച്ചത്. 28 പന്തുകള്‍ നേരിട്ട മുഹമ്മദ് ഷാനു 39 റണ്‍സെടുത്തു. സീസണില്‍ കൊച്ചിയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണിത്.

മത്സരത്തില്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ്‍ കെഎസിഎല്ലില്‍ കന്നി സെഞ്ച്വറിയും സ്വന്തമാക്കി. കേരള ക്രിക്കറ്റ് ലീഗില്‍ വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറിയിലേക്കെത്തിയ സഞ്ജു 42 പന്തില്‍ സെഞ്ച്വറിയിലുമെത്തി. 13 ഫോറും 5 സിക്സും സഹിതമാണ് താരത്തിന്റെ കന്നി കെസിഎല്‍ സെഞ്ച്വറി. ഒരു ഭാഗത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൊച്ചിക്ക് കരുത്തായത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങിയ സഞ്ജു ആദ്യ പന്തു തന്നെ ഫോറടിച്ചാണു തുടങ്ങിയത്. വിനൂപ് (11), ക്യാപ്റ്റന്‍ സലി സാംസണ്‍ (അഞ്ച്), നിഖില്‍ തോട്ടത്ത് (ഒന്ന്) എന്നിവര്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ പുറത്തായപ്പോഴും സഞ്ജുവിന്റെ വെടിക്കെട്ടാണ് കൊച്ചിയുടെ സ്‌കോര്‍ അതിവേഗം ഉയര്‍ത്തിയത്.

അവസാന 12 പന്തില്‍ 32 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ സഞ്ജുവിന് കൊച്ചിയെ വിജയത്തിലെത്തിക്കാന്‍ സാധിക്കില്ല. 19ാം ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെ ബോള്‍ഡാക്കി. ഇതേ ഓവറില്‍ മുഹമ്മദ് ആഷിഖും ആല്‍ഫി ഫ്രാന്‍സിസും അജയഘോഷിനെ ഓരോ സിക്‌സ് വീതം തൂക്കിയത് കൊച്ചിക്കു പ്രതീക്ഷ നല്‍കി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു കൊച്ചിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഫ്രാന്‍സിസ് റണ്ണൗട്ടായെങ്കിലും ഷറഫുദ്ദീന്റെ അവസാന പന്ത് ലോങ് ഓണിലേക്ക് സിക്‌സര്‍ പറത്തി മുഹമ്മദ് ആഷിഖ് കൊച്ചിക്ക് വിജയം സമ്മാനിച്ചു.

ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയ്‌ലേഴ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 236 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണു വിനോദിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് കൊല്ലത്തിന് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സമ്മാനിച്ചത്.

LATEST NEWS