ന്യൂചണ്ഡീഗഢ്: ഹിമാചല്‍ പ്രദേശിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ കേരളം വിജയം സ്വന്തമാക്കിയപ്പോള്‍ സെഞ്ച്വറിയുമായി തിളങ്ങി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. സെഞ്ച്വറി നേട്ടത്തിനു പിന്നാലെ താരം ബാറ്റ് ഉയര്‍ത്തി കാണിച്ചപ്പോള്‍ അതിനുള്ളിലൊരു സര്‍പ്രൈസുമുണ്ടായിരുന്നു. അസ്ഹറുദ്ദീന്റെ ബാറ്റില്‍ ‘സാംസണ്‍’ എന്നെഴുതിയിരുന്നു. ബാറ്റ് ഉയര്‍ത്തി കാണിച്ച ശേഷം തന്റെ ക്യാപ്റ്റന്റെ പേരും അസ്ഹറുദ്ദീന്‍ തൊട്ടുകാണിച്ചു.
തന്റെ സെഞ്ച്വറി, അസ്ഹറുദ്ദീന്‍ സഞ്ജുവിനാണ് സമര്‍പ്പിച്ചത്. ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കുന്ന സഞ്ജു പക്ഷേ കേരളത്തിനായി ഇറങ്ങുന്നത് മധ്യനിരയിലാണ്. തന്റെ ഓപ്പണിങ് സ്ഥാനം അസ്ഹറുദ്ദീന് വിട്ടുകൊടുക്കാന്‍ സഞ്ജു സന്നദ്ധനായി. അസ്ഹറുദ്ദീന്‍ ടൂര്‍ണമെന്റിലുടനീളം മിന്നും തുടക്കമാണ് കേരളത്തിനു നല്‍കുന്നത്. അസ്ഹറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന സഖ്യം മിക്ക കളിയിലും മികച്ച സ്‌കോറാണ് പവര്‍പ്ലേയില്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം അസ്ഹറുദ്ദീന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. 57 പന്തില്‍ 8 ഫോറും 6 സിക്‌സും സഹിതം അസ്ഹറുദ്ദീന്‍ 101 റണ്‍സെടുത്തു. സഞ്ജുവും തിളങ്ങി. 5 ഫോറും 2 സിക്‌സും സഹിതം സഞ്ജു 21 പന്തില്‍ 44 റണ്‍സടിച്ചു.
മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ 67 റണ്‍സിന് തകര്‍ത്ത് കേരളം സൂപ്പര്‍ ലീഗ് റൗണ്ടിലേക്ക് മുന്നേറി. 269 റണ്‍സ് ലകഷ്യത്തിലേക്ക് ബാറ്റെടുത്ത ഹിമാചലിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
രോഹന്‍ കുന്നുമ്മല്‍ 35 റണ്‍സും വിഷ്ണു വിനോദ് 22 റണ്‍സും നേടി ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറുകളില്‍ സല്‍മാന്‍ നിസാര്‍ പുറത്താകാതെ അടിച്ച 26 റണ്‍സും അഞ്ച് പന്തില്‍ 24 റണ്‍സ് നേടിയ അബ്ദുല്‍ ബാസിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങും കേരളത്തെ 20 ഓവറില്‍ 268/4 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചു. ഹിമാചലിനായി മൃദുല്‍ സുരോച്ച് രണ്ട് വിക്കറ്റെടുത്തു. ആര്യമാന്‍ സിങും അര്‍പിത് ഗുലേറിയയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.



















