സന്തോഷ് ട്രോഫി; എതിരില്ലാത്ത പത്തുഗോളിന് കേരളത്തിന് ജയം

Nov 22, 2024

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഗോള്‍വര്‍ഷം. മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം ലക്ഷദ്വീപിനെ തകര്‍ത്തത്. ഇ സജീഷ് കേരളത്തിനായി ഹാട്രിക് നേടി. മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടിയപ്പോള്‍ നസീബ് റഹ്മാന്‍, വി അര്‍ജുന്‍, മുഹമ്മദ് മുഷറഫ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി.

കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരില്‍ ആധികാരിക പ്രകടനമാണ് കേരളം നടത്തിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ കേരളം ആക്രമണം അഴിച്ചുവിട്ടു. ആറാം മിനിറ്റില്‍ അജ്സലിലൂടെ മുന്നിലെത്തി. പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ഇടവേളകള്‍ക്കിടയില്‍ ലീഡ് വര്‍ധിപ്പിച്ചു.

ആദ്യ കളിയില്‍ റെയില്‍വേസിനെ ഒരു ഗോളിന് തോല്‍പ്പിച്ച കേരളം, രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. ഞായറാഴ്ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബര്‍ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് തുടങ്ങുന്നത്.

LATEST NEWS