പോത്തൻകോട്: ശാന്തിഗിരി ഫെസ്റ്റിന് ഒക്ടോബര്‍ 2 ന് വിളംബരസമ്മേളനത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. വീട്ടില്‍ കുട്ടികള്‍ ബഹളം വെയ്ക്കുന്നുണ്ടാകും. ഞങ്ങള്‍ക്കും പോണം. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇനി വരുന്നത്. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് ഫെസ്റ്റ് കാണുവാന്‍ പ്രത്യേക പാസ് വേണ്ടതില്ല. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് ശാന്തിഗിരി. സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം നിറയ്ക്കുന്നതും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ നിരവധി ദൃശ്യങ്ങളാണ് ഫെസ്റ്റിലുള്ളതും ഒപ്പം വിജ്ഞാനത്തിന് മുന്‍തൂക്കവും നല്‍കിക്കൊണ്ട് എജ്യൂഫെസ്റ്റും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.
കൺനിറയെ കാഴ്ചകളൊരുക്കിയാണ് ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റുകൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.
പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ബുദ്ധ സ്ക്വയർ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ച സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും രൂപങ്ങൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം അറിവും നേടാനുളള ഇടങ്ങൾ ഫെസ്റ്റിലുണ്ട്.
കുഞ്ഞുമനസ്സുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശ്രമം ജനറൽ സെക്രട്ടറി അറിയിച്ചു. സ്കൂളുകളിൽ നിന്ന് സംഘമായി വരാൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കൊപ്പം വരാൻ ആഗ്രഹിക്കുന്നവർക്കും സമയപരിമിതി ഇല്ലാതെ ഫെസ്റ്റിലെ കാഴ്ചകൾ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9207410326.