സാവിത്രി ജിൻഡാൽ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം

Oct 14, 2023

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെക്കുറിച്ച് അറിയാം. സാവിത്രി ജിൻഡാൽ കോളേജിൽ പോയി പഠിച്ചിട്ടില്ല. വിവാഹത്തിന് ശേഷം വീട്ടുജോലികൾ ചെയ്ത് ഒതുങ്ങിക്കൂടുകയായിരുന്നു. എന്നാൽ 2005ൽ ഭർത്താവിൻെറ മരണം അവരുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായി വളർന്ന സാവിത്രി ജിൻഡാലിൻെറ ജീവിതം വലിയ മാതൃകയാണ്. ഒപി ജിൻഡാൽ ഗ്രൂപ്പിൻെറ ചെയർപേഴ്സണായ സാവിത്രി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് 12 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ചാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയെന്ന സ്ഥാനം അലങ്കരിക്കുന്നത്. ആകെ 17.7 ബില്യൺ ഡോളറിൻെറ മൊത്തം ആസ്തിയാണ് സാവിത്രി ജിൻഡാലിനുള്ളത്.

ഫോർബ്സിൻെറ ശതകോടീശ്വര പട്ടികയിൽ സാവിത്രി സ്ഥാനം പിടിച്ചിരുന്നു. ഫോർബ്സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ഏക സ്ത്രീയാണ് സാവിത്രി ജിൻഡാൽ. 2021ൽ അവർ ഏഴാം സ്ഥാനത്താണ് ഉണ്ടായിരുന്നത്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ഒരു ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷമാണ് സാവിത്രി ജിൻഡാൽ കമ്പനികളുടെ ചുമതല ഏറ്റെടുത്തത്. ചില ഘട്ടങ്ങളിൽ തിരിച്ചടി നേരിട്ടുവെങ്കിലും കഴിഞ്ഞ രണ്ട് വർഷം വൻകുതിച്ചു ചാട്ടമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ സ്റ്റീൽ കമ്പനി നടത്തിയത്.

സാവിത്രിക്ക് 55 വയസ്സുള്ളപ്പോഴാണ് ഒപി ജിൻഡാൽ മരിക്കുന്നത്. എന്നാൽ പ്രായമൊന്നും വകവെക്കാതെ ഭർത്താവിൻെറ എല്ലാ ഉത്തരവാദിത്വവും അവർ ഏറ്റെടുക്കുകയായിരുന്നു. സാധാരണഗതിയിൽ മിക്കവരും ജോലിയിൽ നിന്ന് വിരമിക്കുന്ന 55ാം വയസ്സിൽ ഒരു കമ്പനിയുടെ ചുമതല ഏറ്റെടുക്കുകയെന്നത് ചെറിയ കാര്യമല്ല. “ഞങ്ങൾ സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കും. പുരുഷൻമാരാണ് പുറത്തെ കാര്യങ്ങൾ നോക്കുക,” ഫോർബ്സിന് നൽകിയ ഒരു അഭിമുഖത്തിൽ സാവിത്രി ജിൻഡാൽ പറഞ്ഞിരുന്നു. എന്നാൽ അത് തെറ്റാണെന്ന് അവർ സ്വന്തം ജീവിതം കൊണ്ട് തന്നെ പിന്നീട് തെളിയിച്ചു.

ഫോർബ്സ് പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ കിരൺ മജുംദാർ, കൃഷ്ണ ഗോദ്റെജ് എന്നിവരാണ് സാവിത്രിക്ക് പിറകിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലായി ഉള്ളത്. ഒപി ജിൻഡാലിലുള്ള നാല് പേരടക്കം ആകെ 9 മക്കളാണ് സാവിത്രിക്കുള്ളത്. പ്രഥ്വിരാജ്, സജ്ജൻ, രത്തൻ, നവീൻ ജിൻഡാൽ എന്നിവരാണ് ഒപി ജിൻഡാലിൽ ഉള്ള മക്കൾ. പിതാവിൻെറ മരണശേഷം കമ്പനി മക്കൾക്ക് വേണ്ടി നാലായി വിഭജിക്കുകയാണ് ചെയ്തത്. ഏറ്റവും പ്രധാന ആസ്തിയായ ജെഎസ്ഡബ്ല്യൂ സ്റ്റീൽ ലഭിച്ചത് സജ്ജൻ ജിൻഡാലിനാണ്.

ആസ്സാമിലെ തിൻസുക്കിയയിൽ 1950ലാണ് സാവിത്രി ജിൻഡാൽ ജനിക്കുന്നത്. ബിസിനസിന് പുറമെ രാഷ്ട്രീയത്തിലും അവർ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഹരിയാന മന്ത്രിസഭയിൽ അംഗമായിരുന്നു ഒപി ജിൻഡാൽ. ഹിസാറിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. ഭർത്താവിൻെറ മരണശേഷം ഹിസാറിൽ നിന്ന് ജയിച്ച് എംഎൽഎ ആയത് സാവിത്രി ജിൻഡാലാണ്. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്ന വനിതയായ സാവിത്രി ജിൻഡാൽ.

cake tower new
LATEST NEWS