രൂപവും രീതിയും മാറി, രക്ഷിതാക്കളുടെ മനോഭാവവും; പൊതുവിദ്യാലയങ്ങളിൽ തിരക്കേറുന്നതിന് പിന്നിലെ കാരണങ്ങൾ ഇവയാണ്

Oct 13, 2025

ഇടക്കാലത്ത് പൊതുവിദ്യാലയങ്ങൾ പൂട്ടുന്ന കഥകളും പൂട്ടാനൊരുങ്ങുന്ന കഥകളും കൊണ്ട് നിറഞ്ഞു നിന്ന കേരളത്തിൽ, ഇന്ന് ആ സ്കൂളുകൾ തേടിയെത്തുന്ന രക്ഷിതാക്കളുടെ എണ്ണം വ‍ർദ്ധിച്ചു. ഒന്നാം ക്ലാസിൽ മുതൽ പത്താം ക്ലാസ് വരെയുള്ള​ ഘട്ടങ്ങളിൽ സ്കൂളുകളിൽ കുട്ടികൾ ചേരുന്നതിൽ പൊതുവിദ്യാലയങ്ങൾ തെരഞ്ഞെടുക്കുന്നതിൽ കുറച്ചുകാലമായി വർദ്ധന കാണിക്കുന്നുണ്ട്.

മൂന്ന് ഘട്ടമായാണ് പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികൾ ചേരുന്നത്. ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണമാണ് കൂടുതൽ. പിന്നെ രണ്ട് ഘട്ടങ്ങൾ വരുന്നത് നാല് വരെ, മറ്റ് സിലബസുകളിൽ പഠിച്ചശേഷം അഞ്ചാം ക്ലാസിൽ സർക്കാർ സ്കൂളിലേക്ക് വരുക. ഏഴ് വരെ മറ്റ് സിലബസുകളിൽ പഠിച്ച ശേഷം എട്ടാം ക്ലാസിൽ സ്റ്റേറ്റ് സിലബസിലേക്ക് മാറുക എന്നതാണ്.

രണ്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിലേക്ക് മാറി ചേരുന്ന കുട്ടികളുടെ എണ്ണം 2024-25ൽ 32,259 ‌ആയിരുന്നു 2025-26ൽ 31,352 കുട്ടികളായി. തിരുവനന്തപുരം, കൊല്ലം എറണാകുളം ഒഴികെയുള്ള ജില്ലകളിലെ കണക്കാണിത്.

2024 ൽ എട്ടാം ക്ലാസിൽ 9,564ഉം അഞ്ചാം ക്ലാസിൽ 6,994 ഉം കുട്ടികളും 2025-2026 എട്ടിൽ 9,066 പേരും അഞ്ചിൽ 6,600 കുട്ടികളുമെത്തി. മറ്റ് ക്ലാസുകളിലും പുതുതായി കുട്ടികൾ മറ്റ് സിലബസുകളിൽ നിന്ന് മാറി ചേ‍ർന്നിട്ടുണ്ട്. പക്ഷേ അവരുടെ എണ്ണം പൊതുവിൽ കുറവാണ്.

കേരളത്തിലെ ജനനനിരക്കിൽ വന്നിട്ടുള്ള കുറവ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഓരോ വർഷവും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ കുറവ് സ്കൂളുകളിൽ മാറി ചേരുന്ന വിദ്യാർത്ഥികളുടെ കാര്യത്തിലും വരുന്ന വ്യത്യാസത്തിന് കാരണം.

വളരെ പെട്ടെന്ന് ഉണ്ടായ മാറ്റമായാണ് പലരും ഇതിനെ കാണുന്നത്. നിരവധി ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സ‍ർക്കാർ, എയിഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതിന് പിന്നിലെന്ന് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. അഞ്ചിലും എട്ടിലും മറ്റ് ക്ലാസുകളിലേതിനേക്കാൾ കൂടുതൽ കുട്ടികൾ മറ്റ് സിലബസുകളിൽ നിന്നും മാറി ചേരാറുണ്ട്.

അതിന് പ്രധാന കാരണം ഒരു സെ​ഗ്മെ​ന്റ് കഴിഞ്ഞ് മാറാം എന്ന വിചാരമാണ്. ഒന്ന് മുതൽ നാല് വരെ പ്രൈമറി സെക്ഷൻ കഴിയും. അപ്പോൾ അഞ്ചിൽ പുതുതായി ചേരാം. എട്ടിലും അതു തന്നെയാണ് കാര്യം. യുപി സെക്ഷൻ ഏഴാം ക്ലാസിൽ അവസാനിക്കും അതിന് ശേഷം ഹൈസ്കൂൾ ക്ലാസിൽ പുതിയ സിലബസിലേക്ക് മാറാം എന്ന് കരുതുന്നു.

പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികൾ മാറുന്ന പ്രവണത കഴിഞ്ഞ കുറച്ച് കാലമായി വർദ്ധിച്ച് തുടങ്ങിയിരുന്നു. പ്രധാനമായും സർക്കാർ, പൊതുവിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കിയിരുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനസൗകര്യങ്ങളും വ‍ർദ്ധിപ്പിച്ചു.

അദ്ധ്യാപക പരിശീലനം ശക്തമാക്കി. ഓരോ വിഷയവും പഠിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഇം​ഗ്ലീഷ് ഉൾപ്പടെയുള്ള ഭാഷാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് അതേ വിഷയത്തിൽ യോ​ഗ്യതയുള്ളവരെ നിയമിക്കാൻ തീരുമാനിച്ചു. ഇം​ഗ്ലീഷ് അദ്ധ്യാപക‍ർക്ക് പ്രത്യേക ഇം​ഗ്ലീഷ് ഭാഷാ പരിശീലനം നൽകി, സർക്കാർ സ്കൂളുകളിൽ ഇം​ഗ്ലീഷ് മീഡിയം ക്ലാസുകൾ വർദ്ധിപ്പിച്ചു. എന്നിവയൊക്കെ ഇതിന് സഹായകമായി.

ഇതിനെല്ലാം പുറമെ പ്രധാന ഘടകമായി മാറിയത് സ്കൂളുകളിലെ സാമ്പത്തിക ചെലവാണ്. സ്വകാര്യ സ്കൂളുകളിൽ, പ്രത്യേകിച്ച് മറ്റ് സിലബസുകളിൽ പഠിപ്പിക്കുന്ന കുട്ടികൾ ചെലവാകുന്ന ഫീസിനേക്കൾ തുലോം കുറവാണ് പൊതുവിദ്യാലയങ്ങളിലെ ഫീസ് ഘടന.

സ്കൂൾ വിദ്യാഭ്യാസത്തിനായി ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവ് ചെലവുള്ള സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സർക്കാർ നടത്തിയ പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. അങ്ങനെ ചെലവ് കുറഞ്ഞതിന് കാരണം, പൊതുവിദ്യാലയങ്ങളിലെ ഫീസ് നിരക്കിലെ വൻകുറവാണെന്ന് വിദ്യാഭ്യാസമേഖലയിലുള്ളവർ പറയുന്നു.

കോവിഡ് കാലം മുതൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും കൂടുതൽ ആശ്വാസം പകരുന്നത് സർക്കാർ സ്കൂളുകളായി മാറി. പഠനരീതിയിലായാലും അതിന് വരുന്ന ചെലവിലായാലും അവ‍ർക്ക് താങ്ങാനാകുന്ന നിലയിൽ കാര്യങ്ങൾ പുനർ നിർവചിക്കാൻ സർക്കാർ സംവിധാനങ്ങൾ സാധ്യമായി. ഫീസിലെ കുറവ് മാത്രമല്ല, കുട്ടികളെ പഠന കാര്യത്തിൽ പിന്തുണയ്ക്കുന്നതിൽ മിക്ക സ്കൂളുകളിലും തദ്ദേശ സ്ഥാപനങ്ങളും അദ്ധ്യാപക-രക്ഷാക‍തൃ സംവിധാനങ്ങളും സജീവമായി ഇടപെടുന്നു എന്നതും ഇതിന് കാരണമായിട്ടുണ്ട്.

LATEST NEWS