പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ ആലംകോട് ഗവ. വി.എച്ച്.എസ്.സ്കൂൾ അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. പ്രിൻസിപ്പലും പി ടി എ പ്രസിഡന്റുമായി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‌ക്കെയാണ് ആലംകോട് ഗവ.വി.ആന്‍ഡ്എച്ച്.എസ്.എസിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം പൊളിഞ്ഞ് വീണത്. കെട്ടിടത്തിന്റെ പിന്‍വശത്ത് മേല്‍ക്കൂരയുടെ പകുതിയോളം ഭാഗത്ത് നിര്‍മ്മിച്ചിരുന്ന കൈവരിയാണ് കോണ്‍ക്രീറ്റിനൊപ്പം തകര്‍ന്നിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയപ്പോഴാണ് കെട്ടിടം തകര്‍ന്നുവീണ വിവരം അധികൃതര്‍ അറിയുന്നത്. കെട്ടിടം ഉപയോഗക്ഷമമല്ലെന്നും എല്ലാമുറികളും എത്രയും വേഗം ഒഴിയണമെന്നും എഞ്ചിനീയറിങ് വിഭാഗവും പോലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മൂന്ന് നിലകളുള്ള പ്രധാനകെട്ടിടത്തിനാണ് നാശമുണ്ടായിട്ടുള്ളത്. 38 വര്‍ഷത്തെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്.
ഹൈസ്‌കൂള്‍ വിഭാഗം ക്ലാസ്സുകള്‍ക്ക് പുറമേ ഓഫീസ്, സ്റ്റാഫ്‌റൂമുകള്‍, സയന്‍സ്, കമ്പ്യൂട്ടര്‍ ലാബുകള്‍ എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പൊളിഞ്ഞഭാഗം പൂര്‍ണമായി നിലത്ത് വീണിട്ടില്ല. ഇത് അപകടകരമായ നിലയില്‍ ഭിത്തിയോട് ചേര്‍ന്ന് തൂങ്ങിനില്ക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് നിമിത്തം കെട്ടിടത്തിന് സമീപത്തേയ്ക്ക് ആരും പോകരുതെന്ന് പോലീസ് നിര്‍ദ്ദേശംനല്കിയിട്ടുണ്ട്.
സ്‌കൂള്‍ തുറക്കുന്നതിനുമുന്നോടിയായി ശുചീകരണമുള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സ്‌കൂളിലെ മറ്റ് കെട്ടിടങ്ങളിലെ ക്ലാസ്സ്മുറികള്‍ പ്രയോജനപ്പെടുത്തി ക്ലാസ്സുകള്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനപ്രതിനിധികള്‍, വിദ്യാഭ്യാസവകുപ്പ് പ്രതിനിധികള്‍, പി.ടി.എ.അംഗങ്ങള്‍ എന്നിവരെല്ലാം സ്‌കൂളിലെത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.