ബംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയ സംഭവത്തില്‍ ശ്രീരാമ സേന നേതാവ് ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. മുസ്ലീമായ പ്രധാന അധ്യാപകനെ സ്‌കൂളില്‍ നിന്ന് സ്ഥലം മാറ്റാന്‍ വേണ്ടിയാണ് ശ്രീരാമസേന നേതാവ് വാട്ടര്‍ ടാങ്കില്‍ കീടനാശിനി കലര്‍ത്തിയത്. 13വര്‍ഷമായി ഈ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് സുലൈമാന്‍ ഗൊരിനായിക്ക്. ഇയാള്‍ക്കെതിരെ സംശയം സൃഷ്ടിക്കുകയായിരുന്നു പ്രതികളുടെ നീക്കം.
വാട്ടര്‍ ടാങ്കിലെ കീടനാശിനി കലര്‍ന്ന വെള്ളം കുടിച്ച് 12 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, കൃഷ്ണ മദാര്‍, നാഗന ഗൗഡ പാട്ടീല്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.
മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി കൃഷ്ണ മദാറിനുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ശ്രീരാമ സേന നേതാവ് സാഗര്‍ പാട്ടീല്‍ കൃഷ്ണ മദാറിനെ ഗൂഢാലോചനയില്‍ പങ്കെടുപ്പിച്ചത്. സാഗര്‍ നല്‍കിയ കീടനാശിനി അടങ്ങിയ കുപ്പി മദാര്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് നിര്‍ബന്ധിപ്പിച്ച് വാട്ടര്‍ ടാങ്കില്‍ ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ഒരു പാക്കറ്റ് ചിപ്‌സും ചോക്ലേറ്റും 500 രൂപയും മദാര്‍ തനിക്ക് തന്നതായി കുട്ടി പൊലീസിനോട് പറഞ്ഞു. വിഷം കലക്കാന്‍ ഉപയോഗിച്ച കുപ്പി സ്‌കൂള്‍ അങ്കണത്തില്‍ നിന്നും കണ്ടെത്തി.
മതമൗലികവാദവും വര്‍ഗീയ വിദ്വേഷവും ഹീനമായ പ്രവൃത്തികളിലേക്ക് നയിക്കും, എന്നതിന്റെ തെളിവാണ് നിരപരാധികളായ കുട്ടികളുടെ കൂട്ടക്കൊലക്ക് കാരണമായേക്കാവുന്ന ഈ സംഭവമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അനുകമ്പയാണ് മതത്തിന്റെ അടിസ്ഥാനം എന്ന പ്രഖ്യാപിച്ച ശരണങ്ങളുടെ നാട്ടില്‍ എങ്ങനെയാണ് ഇത്രയും ക്രൂരതയും വിദ്വേഷവും ഉയര്‍ന്നുവന്നത്? ഈ നിമിഷത്തിലും തനിക്കിത് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വിദ്വേഷം വിതച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതാക്കള്‍ ആത്മപരിശോധന നടത്തണം. ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയേന്ദ്രയോ പ്രതിപക്ഷനേതാവ് ആര്‍.അശോകയോ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.