സ്‌കൂൾ തുറക്കുന്നതിനുള്ള മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

Oct 6, 2021

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവർ സന്നിഹിതരായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. സ്‌കൂളുകൾ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകൾ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളിൽ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവർത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ക്ളാസുകൾ രാവിലെ ക്രമീകരിക്കും. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കും. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല എന്നാണ് തീരുമാനം.

എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തിരിക്കണം. സ്‌കൂൾതല ഹെൽപ്പ്‌ലൈൻ ഏർപ്പെടുത്തും. അക്കാദമിക് പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗരേഖ പിന്നീട് ഇറക്കും. സ്‌കൂൾ തലത്തിൽ സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ, പഞ്ചായത്ത് തലങ്ങളിൽ മുന്നൊരുക്ക യോഗങ്ങൾ എന്നിവ ചേരും. ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടത്തും.

ക്ലാസുകൾക്ക് നൽകുന്ന ഇന്റർവെൽ സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം, എന്നിവയിൽ വ്യത്യാസം വരുത്തി കൂട്ടം ചേരൽ ഒഴിവാക്കും. പ്രവൃത്തിദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ ഹാജരാകണം. സ്‌കൂളിൽ നേരിട്ട് എത്താൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുള്ള ഡിജിറ്റൽ പഠനരീതി തുടരും. സ്‌കൂളുകളിൽ രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവർക്ക് സിക്ക് റൂമുകൾ ഒരുക്കുകയും ചെയ്യും.

LATEST NEWS