സ്‌കൂള്‍ മതില്‍ അപകടാവസ്ഥയില്‍: യാത്രക്കാര്‍ ഭീതിയില്‍

Oct 20, 2021

ആറ്റിങ്ങല്‍: ഗവ.ബി.എച്ച്.എസ്.എസിലെ മതില്‍ അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ഭീതിയില്‍. സ്‌കൂളിന്റെ കിഴക്ക് വശത്തെ മതിലിന്റെ വടക്കേയറ്റമാണ് വിള്ളല്‍വീണ് അപകടഭീഷണി ഉയര്‍ത്തി റോഡിലേയ്ക്ക് തള്ളിനില്ക്കുന്നത്. പത്തടിയോളം ഉയരമുള്ള മതിലിന്റെ 15 മീറ്റര്‍ വരുന്ന ഭാഗമാണ് പൊട്ടിമാറി അപകടാവസ്ഥയിലായിട്ടുള്ളത്.

സ്‌കൂളിന്റെ ഭാഗത്തുനിന്ന് മൈതാനം ചുറ്റി കരിച്ചയിലേയ്ക്ക് പോകുന്ന റോഡിനോട് ചേര്‍ന്നുള്ളതാണ് ഈ മതില്‍. ധാരാളം കാല്‍നടയാത്രക്കാരും വാഹനങ്ങളും ഉപയോഗിക്കുന്ന വഴിയാണിത്. ഒരുവര്‍ഷം മുമ്പാണ് മതില്‍ പൊട്ടിമാറിയതെന്ന് നാട്ടുകാര്‍ പറയുന്നു. വിവരം സ്‌കൂളധികൃതരെയും നഗരസഭാധികൃതരെയും അറിയിച്ചിരുന്നെങ്കിലും മതില്‍ പൊളിച്ചുപണിയാന്‍ നടപടിയെടുത്തിട്ടില്ല. ഈ ഭാഗത്ത് ധാരാളം പാഴ് വൃക്ഷങ്ങള്‍ വളര്‍ന്ന് കാട് കയറിയനിലയിലാണ്. മതില്‍ പുറത്തേയ്ക്ക് മറിഞ്ഞാല്‍ ഈ മരങ്ങളും പിഴുത് വീഴാന്‍ സാധ്യതയുണ്ട്. ഇത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. അപകടഭീതി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

LATEST NEWS