കൊച്ചി: സംസ്ഥാനത്ത് വിദേശ മദ്യ ഗോഡൗണുകളിൽ നിന്നു ബാറുകളിലേക്കും ബിവറേജസ് അടക്കം സർക്കാർ ഏജൻസികളിലെ വിൽപ്പനശാലകളിലേക്കുമുള്ള മദ്യ വിതരണം തടസപ്പെട്ടു. സർവർ തകരാറിനെ തുടർന്നാണ് തടസമുണ്ടായത്. ഇന്നലെ വൈകീട്ട് 5 വരെ മദ്യം എത്തിക്കാൻ സാധിച്ചിട്ടില്ല. ഇന്നലെ മാത്രം 50 കോടിയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
സർവർ തകരാറിനെ തുടർന്നു കഴിഞ്ഞ 3 ദിവസമായി ബില്ലടിക്കാൻ സാധിച്ചിട്ടില്ല. ഗോഡൗണുകൾക്ക് മുന്നിൽ ലോഡ് കയറ്റിയ വാഹനങ്ങൾ നിരയായി കിടക്കുകയാണ്. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷൻ 8 ബിവറേജസ് ഔട്ട്ലറ്റുകളിലേക്കും നൂറിലധികം ബാറുകളിലേക്കും മദ്യമെത്തിക്കുന്നതു കൊച്ചിയിലുള്ള ഗോഡൗണിൽ നിന്നാണ്. ബില്ലടിക്കാൻ സാധിക്കാത്തതിനാൽ ഇവിടങ്ങളിൽ മാത്രം 10 കോടിയിലധികം രൂപയുടെ മദ്യമാണ് വിൽപ്പനയ്ക്ക് എത്തിക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
മഹാരാഷ്ട്ര കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സോഫ്റ്റ്‌വെയർ നിയന്ത്രിക്കുന്നത്. ക്രിസ്‌മസ്, പുതുവത്സരം പ്രമാണിച്ച് ബാറുകൾ, ബിവറേജസ് അടക്കമുള്ള സർക്കാർ മദ്യ ഔട്ട്ലറ്റുകളിൽ നിന്നും ഓർഡറുകളുണ്ട്. എന്നാൽ സർവർ തകരാർ മൂലം ബില്ലടിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.



















