ബംഗളൂരു: ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ അക്രമിച്ച ഏഴ് പേര്‍ക്കെതിരെ കൂട്ടബലാത്സംഗത്തിന് കേസ് എടുത്തതായി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതി മൊഴി രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഏഴ് പേര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായും ക്രൂരമായി മര്‍ദിച്ചെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. കേസില്‍ മുന്ന് പേരെ അറസ്റ്റ ചെയ്തതായും അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള പ്രതിയെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ജനുവരി എട്ടിന് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിയും യുവാവും ഹോട്ടലില്‍ മുറിയെടുത്ത വിവരമറിഞ്ഞാണ് ആറംഗസംഘം ഇവിടേക്ക് ഇരച്ചെത്തിയത്. തുടര്‍ന്ന് മുറിയില്‍ അതിക്രമിച്ചുകയറി ഇരുവരെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഹോട്ടലിന് പുറത്തിറക്കിയശേഷവും പ്രതികള്‍ ഇരുവരെയും മര്‍ദിച്ചു. ഈ സംഭവങ്ങളെല്ലാം പ്രതികള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഹോട്ടല്‍മുറിക്ക് മുന്നിലെത്തി പ്രതികള്‍ കതകില്‍ മുട്ടുന്നത് വൈറലായ വീഡിയോയില്‍ കാണാം. യുവാവ് വാതില്‍ തുറന്നതോടെ സംഘം മുറിക്കുള്ളിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. പിന്നാലെ യുവതിക്ക് നേരേ തിരിഞ്ഞെങ്കിലും ഇവര്‍ ബുര്‍ഖ ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് യുവതിയെ അക്രമികള്‍ അടിച്ചുവീഴ്ത്തി. മുറിയിലുണ്ടായിരുന്ന യുവാവിനെയും സംഘം ചേര്‍ന്ന് മര്‍ദിക്കുന്നതും കാണാം. പുറത്തേക്ക് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അക്രമികള്‍ വീണ്ടും തടഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. അതിനിടെ ഇവര്‍ ഹോട്ടലിലേക്ക് കയറുന്നത് കണ്ട ഓട്ടോ റിക്ഷ ഡ്രൈവറാണ് വിവരം യുവതിയുടെ സമുദായക്കാരെ അറിയിച്ചതെന്നും തുടര്‍ന്നെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഇരുവരെയും ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് ക്രൂരമായി മര്‍ദിക്കുകയും യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിന് ശേഷം 500 രൂപ നല്‍കി യുവതിയോട് ഭര്‍ത്താവിന്റെ നാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. പ്രതികള്‍് ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും ഇതുവരെ അറസ്റ്റിലായവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും എന്നാല്‍ അത് പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.