തൊടുപുഴ: തനിക്കെതിരെ നടന്നത് കൃത്യമായി ആസൂത്രണം ചെയ്ത കൊലപാതക ശ്രമമാണെന്ന് വ്യക്തമാക്കി മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ. താന്‍ നല്‍കുന്ന വാര്‍ത്തകള്‍ നിയമപരിരക്ഷയ്ക്ക് ഉള്ളില്‍ നിന്നുമാണ്. തന്നെ നിയമപരമായി നേരിടാന്‍ സാധിക്കാത്തവര്‍ കായികമായി നേരിടാന്‍ ശ്രമിക്കുകയാണ് ഉണ്ടായത്. തൊടുപുഴയില്‍ അക്രമികള്‍ എത്തിയത് തന്നെ കൊല്ലണം എന്ന നിര്‍ബന്ധ ബുദ്ധിയോടെ ആയിരുന്നു. -ഷാജൻ പറഞ്ഞു.
കേസിലെ നാല് പ്രതികള്‍ പിടിയിലായിട്ടുണ്ട്. ബംഗളുരുവിൽ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഒരാളെ കൂടി ഇനിയും പിടികൂടാനുണ്ട്. വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതികളിലേക്ക് പോലീസ് എത്തിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക്‌ചെയ്താണ്.
![]()
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന വ്യക്തിയാണ് മാത്യുസ് കൊല്ലപ്പള്ളി. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ വച്ചാണ് ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദമേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതികളെ കുറിച്ചുള്ള പൂര്‍ണവിവരവും പുറത്തുവന്നു. ഷാജന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന ആവശ്യം മാധ്യമ സമൂഹത്തില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച രാത്രി തൊടുപുഴ മങ്ങാട്ടുകവലയില്‍ വെച്ചാണ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങുകയായിരുന്ന ഷാജന്‍ സ്‌കറിയയെ അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജന്‍ സ്‌കറിയ സഞ്ചരിച്ച വാഹനത്തിന് പിന്നില്‍ മറ്റൊരു വാഹനം ഇടിച്ച ശേഷമായിരുന്നു അതിക്രമം. വാഹനത്തിന് അകത്തിരിക്കുന്ന ഷാജന്‍ സ്‌കറിയയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമം തടയാന്‍ ശ്രമിക്കുന്നതായും ഇതില്‍ കാണാം. ഷാജന്‍ സ്‌കറിയ നല്‍കിയ വിവരങ്ങളുടെയും ഇടത് സൈബര്‍ ഗ്രൂപ്പുകളില്‍ വന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
![]()
അക്രമണത്തില്‍ പങ്കെടുത്ത മാത്യൂസ് കൊല്ലപ്പള്ളി സംഭവശേഷം ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതായും ഷാജനെതിരെ ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണി മുഴക്കിയതായും പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇത് പ്രതികളെ തിരിച്ചറിയാന്‍ നിര്‍ണായകമായെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തില്‍ പങ്കെടുത്തതും കൃത്യമായി മനസ്സിലാക്കി പിന്തുടര്‍ന്നാണ് ആക്രമണം നടത്തിയത്. അക്രമണത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്നാണ് പോലീസും വ്യക്തമാക്കുന്ന കാര്യം.


















