തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും യഥാര്‍ഥ എല്‍എസ്ഡി സ്റ്റാമ്പുകള്‍ വെച്ച് കുടുക്കാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് പറയുന്നു. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍ നിന്ന് പതിനായിരം രൂപ നല്‍കിയാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് വ്യാജന്‍ നല്‍കി പറ്റിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതെന്ന് മുഖ്യപ്രതി നാരായണ ദാസിന്റെ മൊഴിയില്‍ പറയുന്നു.
കേസില്‍ അറസ്റ്റിലായ നാരായണ ദാസ് കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഷീലാ സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും നാരായണ ദാസിന്റെ സുഹൃത്തുമായ ലിവിയയാണ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ വാങ്ങിയതും ഷീലാ സണ്ണിയുടെ ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചതും എന്നും നാരായണ ദാസ് മൊഴി നല്‍കിയിട്ടുണ്ട്. ബംഗളൂരുവിലെ ആഫ്രിക്കക്കാരില്‍നിന്ന് പതിനായിരം രൂപ നല്‍കിയാണ് ലിവിയ സ്റ്റാമ്പ് വാങ്ങിയത്. എന്നാല്‍ വ്യാജന്‍ നല്‍കി ലിവിയയെ പറ്റിക്കുകയായിരുന്നുവെന്ന് പരിശോധനാഫലം പുറത്തുവന്നപ്പോഴാണ് മനസ്സിലായതെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരിക്കുണ്ടായ അവഗണനയ്ക്ക് പ്രതികാരമായാണ് ലിവിയ ഇതു ചെയ്തതെന്നും മൊഴിയിലുണ്ട്. ഷീലാ സണ്ണിയുടെ വീട്ടില്‍ തലേദിവസം തന്നെ എത്തിയ ലിവിയ സ്റ്റാമ്പ് ബാഗിലും സ്‌കൂട്ടറിലും ഒളിപ്പിച്ചശേഷം ഫോട്ടോ എടുത്ത് നാരായണ ദാസിന് നല്‍കിയിരുന്നു. ഈ ഫോട്ടോ സഹിതമാണ് നാരായണ ദാസ് എക്സൈസിന് വിവരം നല്‍കിയതെന്നും പൊലീസ് പറയുന്നു.
ഏറെ നാളായി ഒളിവിലായിരുന്ന നാരായണ ദാസിനെ പ്രത്യേകാന്വേഷണ സംഘം ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ച കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകീട്ട് ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിലും ഗൂഢാലോചനയിലും നാരായണ ദാസിനു പങ്കുള്ളതായി വ്യക്തമായതായി ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.