റിയാദ്: പ്രവാസി മലയാളി ദമ്മാമിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷിബു ജോയ് (46) ആണ് മരിച്ചത്. കൊല്ലം ചിറ്റുമല സ്വദേശി കരീംതോട്ടുവ ഷിബു ജോയ് 20 വർഷമായി പ്രവാസിയാണ്. ദമ്മാം വെസ്കോസ കമ്പനി ജീവനക്കാരനാണ്. രാവിലെ ജോലി സ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ദമ്മാം തദാവി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു.
ഷിബു ജോയിയുടെ ആകസ്മിക വിയോഗവാർത്ത സഹപ്രവർത്തകർക്കിടയിൽ ദുഖം പടർത്തി. മരണവിവരമറിഞ്ഞ് ഒ.ഐ.സി.സി നേതാക്കൾ ആശുപത്രിയിലെത്തി. ദമ്മാമിലെ ഒ.ഐ.സി.സി യുടെ രൂപവത്കരണ കാലം മുതൽ സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്ന ഷിബു ജോയ് സൈബർ ഇടങ്ങളിലും നിറസാന്നിധ്യമായിരുന്നു. ഭാര്യ: സോണി. രണ്ട് മക്കളുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹികപ്രവർത്തകൻ നാസ് വക്കം സഹായവുമായി രംഗത്തുണ്ട്. ഷിബു ജോയിയുടെ നിര്യാണത്തിൽ കൊല്ലം ജില്ലാ ഒ.ഐ.സി.സി അനുശോചനം രേഖപ്പെടുത്തി.