കൊച്ചി: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ഹാജരാകാന്‍ ഇന്ന് പൊലീസ് നോട്ടീസ് അയക്കും. തൃശ്ശൂരിലെ വീട്ടില്‍ എത്തിക്കുന്ന നോട്ടീസ് അനുസരിച്ച് പരിശോധനയ്ക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന നിര്‍ദേശമാണ് താരത്തിന് നല്‍കുക.
എന്നാല്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിറകെ പോവാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഷൈന്‍ ടോം ചാക്കോക്കെതിരെ നിലവില്‍ കേസില്ലെന്ന് എസിപി അബ്ദുല്‍ സലാം പറഞ്ഞു. ഹോട്ടലിലെ പരിശോധനയില്‍ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷൈന്‍ ടോം ചാക്കോയുടെ മൊബൈലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. അതുകൊണ്ട് താരം കേരളം വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കില്‍ നടന്‍ നേരെ പോയത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന.
അവിടെ നടന്‍ മുറിയെടുത്തിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു കാറിലാണ് അദ്ദേഹം അവിടെ നിന്നും കടന്നുകളഞ്ഞത്. അത് ഒരു ഓണ്‍ലൈന്‍ ടാക്സിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഹോട്ടലില്‍ ബൈക്കിലെത്തിയ നടന്‍ മണിക്കൂറുകള്‍ക്കകം കാറില്‍ തിരിച്ചുപോയെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ പൊലീസ് നടത്തിയ പരിശോധനയ്ക്ക് തൊട്ടുപിന്നാലെ മറ്റൊരു ഹോട്ടലിലേക്ക് നടന്‍ പോയി എന്ന് പൊലീസ് പറയുന്ന സമയവുമായി ഒത്തുപോകുന്നതാണ് ദൃശ്യങ്ങള്‍. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പതിയാതിരിക്കാന്‍ നടന്‍ ശ്രദ്ധിച്ചിരുന്നതായും സംശയിക്കുന്നു. ഓണ്‍ലൈന്‍ ടാക്സി ഹോട്ടലിന് പുറത്തുനിര്‍ത്തിയ ശേഷമാണ് നടന്‍ അതില്‍ കയറി പോയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഷൈന്‍ അവിടെ നിന്ന് പോയത് ഒരു വെള്ള കാറിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലര്‍ച്ചെ തന്നെ നടന്‍ കൊച്ചി വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേയ്ക്ക് പോയിരിക്കാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി പരിശോധന നടത്തുന്നതിനിടെയാണ് താരം ഇറങ്ങിയോടിയത്. നടന്‍ ഷൈന്‍ ടോം ചാക്കോയുടെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തിയത്.
പൊലീസ് സംഘം ഹോട്ടലിന്റെ താഴെ എത്തിയ വിവരം അറിഞ്ഞ ഷൈന്‍ ടോം ചാക്കോ ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി ഇറങ്ങി ഓടി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ലഹരിമരുന്ന് കൈവശമുണ്ടായതിനാലാണ് ഷൈന്‍ ടോം ചാക്കോ ഓടി രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.
സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയത് ഷൈന്‍ ടോം ചാക്കോയാണെന്ന് യുവനടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിട്ടുണ്ട്. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി.