ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് അയല്‍വാസി ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദിയോറന്‍ ഗ്രാമത്തിലാണ് സംഭവം. അറുപതുകാരനായ അഹിര്‍വാര്‍, ഭാര്യ രാജ്പ്യാരി, മകന് മനക് അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇളയമകന് മഹേഷ് അഹിര്‍വാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മനക് പലപ്പോഴും തന്നെ പിന്തുടരുകയും, തുറിച്ചുനോക്കുകയും ചെയ്തതായി മുഖ്യപ്രതി ജഗദീഷ് പട്ടേലിന്റെ ഭാര്യ ആരോപിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. എന്നാല്‍ സമീപവാസികള്‍ ചേര്‍ന്ന് ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

പിറ്റേദിവസം രാവിലെ കുപിതാനായ യുവതിയുടെ ഭര്‍ത്താവ് ജഗദീഷ് പട്ടേലും കുടുംബവും വീണ്ടും മനക്കിന്റെ വീട്ടിലെത്തി ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മനക്കും മാതാപിതാക്കളും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മുഖ്യപ്രതി ജഗദീഷ് പട്ടേലിനെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. മഹേഷ് അഹിര്‍വാര്‍ നല്കിയ പരാതിയില്‍ കൊലപാതകം, കൊലപാതകശ്രമം, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു.


















