കൊച്ചി: ബോഡി ബില്‍ഡര്‍മാര്‍ക്ക് പൊലീസില്‍ നിയമനം നല്‍കിയതില്‍ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി. ഷോട്പുട്ട് എറിയാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ പൊലീസില്‍ എടുക്കുമെന്നും ശാരീരിക സൗന്ദര്യം എന്നാല്‍ ശാരീരികക്ഷമതയാണെന്നും ഹൈക്കോടതി. പൊലീസില്‍ നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച ബോഡി ബില്‍ഡര്‍മാരുടെ കാര്യത്തില്‍ അതില്ലെന്നു തെളിഞ്ഞെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞു.

ബോഡി ബില്‍ഡിങ് ചാംപ്യന്‍ ചിത്തരേഷ് നടേശന്‍, ലോക പുരുഷ സൗന്ദര്യ മത്സരത്തില്‍ വെള്ളി നേടിയ ഷിനു ചൊവ്വ എന്നിവര്‍ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമന ഉത്തരവ് നല്‍കിയതുമായന ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് വാക്കാലുള്ള പരാമര്‍ശം.
നിയമന ഉത്തരവ് നല്‍കിയെങ്കിലും പരിശീലനത്തിനടക്കം അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. അഴിമതിയുള്ളതിനാലാണ് നിയമനത്തില്‍ നിന്നു പിന്‍മാറിയതെന്നു ഹര്‍ജിക്കാരനായ അഡ്വ. കെഎം ഷാജഹാന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

പരമാവധി എഎസ്‌ഐ ആയിട്ടല്ലേ നിയമനം നടത്താന്‍ കഴിയു എന്ന് ഹൈക്കോടതി ആരാഞ്ഞു. ഫുട്‌ബോള്‍ താരം ഐഎം വിജയനടക്കമുള്ളവരെ നിയമിച്ചതും കോടതി ചൂണ്ടിക്കാട്ടി. അംഗീകാരമെന്ന നിലയിലാണ് അന്‍സ്‌പെക്ടറായുള്ള നിയമനമെന്നു ഷിനു ചൊവ്വയുടെ അഭിഭാഷകന്‍ വിശദീകരിച്ചു. നിയമനവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനായി കോടതി ഹര്‍ജി മാറ്റി.

















