പാലക്കാട്: അഹമ്മദാബാദിലെ വിമാന ദുരന്തം പാലക്കാട് ഒലവക്കോടുള്ള നിള നഗര്‍ കോളനിയെയും ദുഃഖത്തിലാഴ്ത്തി. അപകടത്തില്‍ മരിച്ച ശ്രദ്ധ ധവാന്(45) മലയാളിയായ രാജേഷ് സികെയുടെ ഭാര്യയാണ്. രാജേഷിന്റെ മാതാപിതാക്കള്‍ നിള നഗര്‍ കോളനിയിലെ താമസക്കാരാണ്. കോളനിയിലെ ശ്രേയസ് ഹോമില്‍ താമസിക്കുന്ന നാരായണന് കെയുടെയും ശോഭന സികെയുടെയും മൂന്ന് ആണ്മക്കളില് ഇളയ മകനാണ് രാജേഷ്.
‘വിമാന ദുരന്തത്തിന്റെ വാര്‍ത്ത പത്രത്തില്‍ കണ്ടപ്പോഴാണ് ശ്രദ്ധയുടെ പേര് ശ്രദ്ധിച്ചത്, ഉടന്‍ മൂത്തമകനൊപ്പം ഓസ്ട്രേലിയയിലുള്ള നാരായണന് സാറിനെ വിളിച്ചു, ശ്രദ്ധ മരിച്ചതായി അദ്ദേഹം പറഞ്ഞു. പ്രദേശവാസി പറഞ്ഞു.
അതിദാരുണമായ വാര്‍ത്തയില്‍ എല്ലാവരും ഞെട്ടിപ്പോയെന്നും നിള നഗര്‍ റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും നുന് സ്കൂള്‍ പ്രിന്‍സിപ്പലുമായ സുജിത്ത് എസ് പറഞ്ഞു.
ശ്രദ്ധയുടെ മരണ വിവരം പിന്നീട് അസോസിയേഷന്റെ സോഷ്യല്‍ മീഡിയ ഗ്രൂപ്പിലൂടെയും മറ്റ് ഗ്രൂപ്പുകളിലും പങ്കുവെച്ചതായി സുജിത്ത് പറഞ്ഞു. ശ്രദ്ധയുടെ വിയോഗത്തില്‍ തങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്നു. മുംബൈ സ്വദേശിയായ ശ്രദ്ധ ഭര്‍ത്താവ് രാജേഷിനൊപ്പം എയര്‍ ഇന്ത്യയില്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അപകടമുണ്ടായ വിമാനത്തിലെ സീനിയിര്‍ ഫ്ലൈറ്റ് അറ്റന്‍ഡറായിരുന്നു ശ്രദ്ധ.


















