‘ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദം’, മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്ര ഭരണം പിടിച്ച് സംഘപരിവാര്‍ സമിതി

Jan 27, 2026

കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കള വിവാദമുണ്ടായ കൊല്ലം മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില്‍ സംഘ പരിവാര്‍ നേതൃത്വം നല്‍കിയ ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ്ണ വിജയം. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ 27 സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

കഴിഞ്ഞ ഓണക്കാലത്തു മുതുപിലാക്കാട് ക്ഷേത്രാങ്കണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തെ തുടര്‍ന്ന് സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് പൂക്കളമിട്ടത് വിവാദമായിരുന്നു. സംഘിവല്‍കരണം ആരോപിച്ചു അന്നത്തെ ഭരണസമിതി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ദേശസ്‌നേഹികളെ വര്‍ഗീയ വാദികള്‍ ആക്കുന്നു എന്ന് ആരോപിച്ചു ബിജെപി പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ക്ഷേത്രം സന്ദര്‍ശിച്ചു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിവാദം മുതുപിലാക്കട്ടെ ജനങ്ങള്‍ക്കിടയില്‍ ചേരി തിരിവിനിടയാക്കിയെന്നും കമ്മ്യൂണിസ്റ്റ് കുടുംബങ്ങള്‍ പോലും സംഘപരിവാര്‍ അനുകൂല നിലപാടിലെത്തിയെന്നും പ്രദേശവാസിയായ എസ് മനു പറഞ്ഞു.

‘ ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ ആര്‍എസ്എസ്സിന് ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. ക്ഷേത്ര വിശ്വാസത്തിനും ആചാരങ്ങള്‍ക്കുമെതിരായ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമായ പ്രതിഷേധത്തിനിടയാക്കിയതായും അദ്ദേഹം പറഞ്ഞു.

ഇക്കുറി കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ആര്‍എസ്പി എന്നി കക്ഷികള്‍ ഒരു മുന്നണിയായാണ് മത്സരിച്ചത്. കോണ്‍ഗ്രസ് പത്തു സീറ്റിലും ആര്‍എസ്പി 5 സീറ്റിലും സിപിഎം- സിപിഐ 12 സീറ്റിലും മത്സരിച്ചു.

മുതുപിലാക്കാട് കിഴക്ക്, പടിഞ്ഞാറ് കരകളിലെ 9 വാര്‍ഡില്‍ പെട്ട 3730 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ‘സംഘപരിവാര്‍ സംഘടനകള്‍ ചേര്‍ന്നാണ് ഭക്തജന സമിതി രൂപീകരിച്ചതെങ്കിലും ക്ഷേത്രകാര്യങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നു ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഉറപ്പു നല്‍കി. അതിനുള്ള അംഗീകാരം ആണ് ഈ വിജയം,’- സമിതി ചെയര്‍മാന്‍ കെ ആര്‍ ജി പിള്ള പറഞ്ഞു.

‘മുന്‍ ഭരണസമിതി നടത്തിയ വിശ്വാസ ധ്വംസനം ആണ് ശക്തമായ ജനവികാരത്തിന് ഇടയാക്കിയത്. ഇവിടെ പൂജ നടക്കുന്ന സമയത്തു മുന്‍ ഭരണസമിതി ശ്രീ കോവിലില്‍ ആളെ കയറ്റി. രണ്ടു വര്‍ഷം മുന്നേ ക്ഷേത്രത്തിന്റെ സദ്യാലയത്തില്‍ ബീഫും ബിയറും വിളമ്പി വിരുന്നു നടത്തി. കൂടാതെ 50 ലക്ഷം രൂപ നീക്കിയിരിപ്പുണ്ടായിരുന്ന ക്ഷേത്രത്തെ കടക്കെണിയിലാക്കി. ഇപ്പോള്‍ 20 ലക്ഷത്തിലേറെ ബാധ്യതയുണ്ട്. അലങ്കാര ഗോപുര നിര്‍മാണത്തിന്റെ പേരില്‍ അഴിമതി നടത്തി. ക്ഷേത്രാങ്കണത്തില്‍ നിന്ന മരങ്ങള്‍ മുറിച്ചു വിറ്റത്തിലും വിശ്വാസികള്‍ സമര്‍പ്പിച്ച സ്വര്‍ണ്ണം വില്‍പ്പന നടത്തിയതിലും അഴിമതിയുണ്ട്. കടക്കെണിയില്‍ നിന്ന് ക്ഷേത്രത്തെ കരകയറ്റി വിശ്വാസം സംരക്ഷിക്കുകയാണ് ലക്ഷ്യം,’- അദ്ദേഹം പറഞ്ഞു.

LATEST NEWS
‘അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്, കുട്ടികളുടെ ഗതികേട്’; അധിക്ഷേപിച്ച് വി ഡി സതീശന്‍

‘അണ്ടര്‍വെയര്‍ കാണിച്ച് ഡെസ്‌കിന് മുകളില്‍ കയറി നിന്ന് തല്ലിപ്പൊളിച്ചവനാണ് ക്ലാസെടുക്കുന്നത്, കുട്ടികളുടെ ഗതികേട്’; അധിക്ഷേപിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി...