‘ആ പേരുകള്‍ സംഗീതവുമായി ബന്ധപ്പെട്ടത്’; ഹിന്ദി തലക്കെട്ട് വിവാദത്തില്‍ ശിവന്‍കുട്ടിക്ക് എന്‍സിഇആര്‍ടിയുടെ മറുപടി

Apr 17, 2025

തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി എന്‍സിഇആര്‍ടി. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് തലക്കെട്ടായി ഹിന്ദിയില്‍ നല്‍കിയതെന്നാണ് എന്‍സിഇആര്‍ടിയുടെ വിശദീകരണം. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

മൃദംഗ്, സന്തൂര്‍ അടക്കമുള്ള ഹിന്ദി തലക്കെട്ടുകള്‍ സംഗീത പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. രാജ്യത്തിന്റെ സംഗീത പാരമ്പര്യം ഒന്നാണെന്നും എന്‍സിആര്‍ടി പറയുന്നു. പുതിയ വിദ്യഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ തലക്കെട്ടുകളില്‍ മാറ്റം വരുത്തിതതെന്നാണ് വിശദീകരണം. ഇംഗ്ലീഷ് പാഠപുസ്തകങ്ങള്‍ക്ക് മാത്രമല്ല മാത്തമാറ്റിക്‌സ് പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും എന്‍സിആര്‍ടി വ്യക്തമാക്കി.

‘ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കുന്നത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. ഇത് ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണമാണ്. കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെപ്പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന്’ മന്ത്രി വ്യക്തമാക്കിയിരുന്നു.

LATEST NEWS