തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തില്‍ സുപ്രീംകോടതി എന്‍എസ്എസിന് അനുകൂലമായി നല്കിയ വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ബാധകമാക്കണമെന്നും അതിനായി സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഈ നിലപാട് സുപ്രീംകോടതിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതതല യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ചില തര്‍ക്കങ്ങളും നിയമപ്രശ്നങ്ങളുമുണ്ട്. ഇത് കാരണം അധ്യാപകരുടെ നിയമന അംഗീകാരം തടസ്സപ്പെട്ടു. ഈ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായി പരിഹാരം കാണുന്നതിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുത്തത്.
ഭിന്നശേഷി വിഭാഗത്തിന്റെ അവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടും, അതേസമയം അധ്യാപക സമൂഹത്തിന്റെയും മാനേജ്മെന്റുകളുടെയും ന്യായമായ പ്രശ്നങ്ങള്‍ പരിഗണിച്ചുകൊണ്ടും ഒരു സമഗ്രമായ പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ തീരുമാനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സ്കൂളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ മാനേജ്മെന്റ് കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്ന് മന്ത്രി പറഞ്ഞു. വര്‍ഗീയ ചിന്തകള്‍ ഒഴിവാക്കിവേണം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സ്കൂളില്‍ ഒരു യൂണിഫോം ഉണ്ടാകും, അത് എല്ലാവര്ക്കും ബാധകമാണ് അല്ലാതെ ഒരു കുട്ടി മാത്രം പ്രത്യേകം വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിന്റെ പേരില്‍ ഒരു സ്കൂളിലും സംഘര്‍ഷം ഉണ്ടാകരുതെന്നും സംഭവം എറണാകുളം ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.