തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും സീറ്റ് കുറവുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ഉണ്ടാകണമെന്നും അഹമ്മദ് ദേവര്‍ കോവില്‍ ആവശ്യപ്പെട്ടു. സബ്മിഷനായിട്ടാണ് ഭരണപക്ഷ എംഎല്‍എ പ്ലസ് വണ്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.
എന്നാല്‍ പ്ലസ് വണ്ണിന് സീറ്റ് ക്ഷാമം ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ആവര്‍ത്തിച്ചു. ഹയര്‍സെക്കണ്ടറിയില്‍ ആകെ 51,451 പേര്‍ ഇതിനോടകം മലപ്പുറം ജില്ലയില്‍ പ്രവേശനം നേടിക്കഴിഞ്ഞു. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയില്‍ 2311 പേരും അഡ്മിഷന്‍ നേടി. ഇതു രണ്ടുംകൂടി 53,762 പേര്‍ ആകെ ഹയര്‍സെക്കണ്ടറി പഠനത്തിന് മലപ്പുറം ജില്ലയില്‍ പ്രവേശനം നേടിയതായി മന്ത്രി ശിവന്‍ കുട്ടി നിയമസഭയില്‍ പറഞ്ഞു.
പ്രവേശനത്തിനായി അവശേഷിക്കുന്നത് 17,298 പേരാണ്. 7478 സീറ്റുകളുടെ കുറവു മാത്രമാണ് വരുന്നത്. നാളെ വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ് എന്നിവരെയെല്ലാം വിളിച്ചിരുന്നു. എല്ലാവരുമായും ചര്‍ച്ച ചെയ്ത് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
മലപ്പുറം ജില്ലയില്‍ ആകെ കിട്ടിയ അപേക്ഷ 82466 എണ്ണമാണ്. ഇതില്‍ 7606 പേര്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. ഇവരെ ഒഴിവാക്കിയാല്‍ 74,860 പേര്‍ മലപ്പുറം ജില്ലക്കാരാണ്. അപേക്ഷ നല്‍കിയവരില്‍ 4355 പേര്‍ക്ക് മറ്റു ജില്ലകളില്‍ പ്രവേശനം ലഭിച്ചിട്ടുണ്ട്. ഉപരിപഠനത്തിനായി മലപ്പുറം ജില്ലയില്‍ 80,000 ഓളം സീറ്റുകളുണ്ട്. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് വരുന്നതോടെ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.


















