കൊച്ചി: സംസ്ഥാനം അതി തീവ്രമായ വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നു പോവുമ്പോള്‍ സോളാറിലേക്കു മാറാന്‍ ശ്രമിക്കുന്നവര്‍ക്കു തിരിച്ചടിയായി കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന്റെ കപ്പാസിറ്റിയും നെറ്റ് മീറ്ററിന്റെ ലഭ്യതക്കുറവും. സംസ്ഥാനത്ത് പലയിടത്തും ട്രാന്‍സ്ഫോര്‍മറിന് കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്കു സോളാര്‍ പ്ലാന്റ് വയ്ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ട്. സോളാര്‍ പ്ലാന്റ് സ്ഥാപിച്ച അരലക്ഷത്തോളം പേര് നെറ്റ് മീറ്റര്‍ കിട്ടാത്തതിനാല്‍ ഉത്പാദനം തുടങ്ങാനാവാതെയും വലയുന്നു.

വീടുകള്‍ക്കു മുകളില്‍ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിനു സമീപമുള്ള ട്രാന്‍സ്ഫോര്‍മറിന്റെ കപ്പാസിറ്റി അനുസരിച്ചാണ് കെഎസ്ഇബി ഫീസിബിലിറ്റി നല്‍കുന്നത്. ഒരു ട്രാന്‍സ്ഫോര്‍മറിന്റെ ലോഡ് കപ്പാസിറ്റിയുടെ 90 ശതമാനം കഴിഞ്ഞാല്‍ പുതിയ പ്ലാന്റുകള്‍ക്ക് ഫീസിബിലിറ്റി നല്‍കില്ല. ഇത്തരം ട്രാന്‍സ്ഫോര്‍മറുകള്‍ അപ്ഗ്രേഡ് ചെയ്യുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നെങ്കിലും അതിനു നടപടികളായിട്ടില്ല. കൊച്ചി നഗരത്തില്‍ പലയിടത്തും ട്രാന്‍സ്ഫോര്‍മര്‍ കപ്പാസിറ്റി 90 ശതമാനത്തിലെത്തിയതിനാല്‍ പുതിയ ഓണ്‍ഗ്രിഡ് സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കാനാവുന്നില്ലെന്ന് ഉപയോക്താക്കള്‍ പറയുന്നു.
കെഎസ്ഇബിയില്‍നിന്നു ഫീസിബിലിറ്റി വാങ്ങി, വായ്പയെടുത്ത് പ്ലാന്റുകള്‍ സ്ഥാപിച്ച അര ലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് നെറ്റ് മീറ്ററിനായി കാത്തിരിക്കുന്നത്. കെഎസ്ഇബിയില്‍ നെറ്റ് മീറ്റര്‍ ഇല്ലാത്തതിനാല്‍ പ്രൊസ്യൂമര്മാരോട് മീറ്റര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെടുകയാണ് അധികൃതര്‍. ഇങ്ങനെ സ്വന്തം നിലയ്ക്ക് സിംഗിള്‍ ഫേസ് നെറ്റ് മീറ്റര്‍ സ്ഥാപിക്കാന്‍ മൂവായിരം മുതല്‍ അയ്യായിരം രൂപ വരെ ചെലവുണ്ട്. ത്രീഫേസിന് ഇത് പതിനായിരത്തിനു മുകളിലാവും.
നെറ്റ് മീറ്റര്‍ സ്ഥാപിച്ചാല്‍ മാത്രമേ ഗ്രിഡിലേക്കു കണക്ട് ചെയ്ത് വൈദ്യുതി ഉത്പാദനം തുടങ്ങാനാവൂ. വായ്പയെടുത്ത് സോളാര്‍ പ്ലാന്റ് സ്ഥ്ാപിച്ചവര് ഇപ്പോള്‍ കെഎസ്ഇബി ബില്ലും ഒപ്പം വായ്പയുടെ മാസ തവണയും അടയ്ക്കേണ്ട അവസ്ഥയിലാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യഘര്‍ പദ്ധതി പ്രകാരമുള്ള സബ്സിഡി ഏതാനും മാസങ്ങള്‍ കൂടിയേ ഉള്ളൂവെന്നതിനാല്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇതാണ് നെറ്റ് മീറ്ററില്‍ പ്രതിസന്ധി ഉണ്ടാക്കിയതെന്ന് കെഎസ്ഇബി പറയുന്നു. കഴിഞ്ഞ മാസം 82,000 നെറ്റ് മീറ്ററിന് കെഎസ്ഇബി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതു ലഭ്യമാവുന്നതോടെ പ്രതിസന്ധിക്കു പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.




















