കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തെ സംഘര്‍ഷത്തിന് താല്‍ക്കാലിക പരിഹാരം. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി രാത്രി നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ 21 വൈദികര്‍ നടത്തിവന്ന പ്രാര്‍ഥനാ യജ്ഞം നിര്‍ത്തി. കാനോനിക സമിതികളും കൂരിയയും പുനഃസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികര്‍ സമരത്തില്‍ നിന്ന് പിന്മാറിയതെന്നാണ് സൂചന. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസം സമയം വേണമെന്ന ആര്‍ച്ച് ബിഷപ്പിന്റെ ആവശ്യം വൈദികര്‍ അംഗീകരിച്ചു.
പുലര്‍ച്ചെ ഒരുമണിക്കാണ് ചര്‍ച്ച അവസാനിച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയെത്തുടര്‍ന്നാണ് താല്‍ക്കാലിക പരിഹാരമായത്. ഏതാനും കാര്യങ്ങളില്‍ ധാരണയില്‍ എത്തിയെന്നും 21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നും ചര്‍ച്ചയ്ക്ക് ശേഷം അതിരൂപ വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ അറിയിച്ചു.
പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടെന്നും പ്രശ്‌നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാന്‍ തീരുമാനിച്ചത്.
ഈ മാസം 20ന് അടുത്ത ചര്‍ച്ച നടത്തും. വൈദികര്‍ക്കെതിരായ ശിക്ഷാ നടപടികളില്‍ പഠിച്ച ശേഷം മാത്രമെന്നാണ് ഫാ.പാംപ്ലാനിയുടെ തീരുമാനം.