സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഹ്രസ്വ ചലച്ചിത്രം ‘ആകാശം’ റിലീസ് ചെയ്തു

Nov 19, 2021

ആറ്റിങ്ങൽ: അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ഹ്രസ്വ ചലച്ചിത്രം ആകാശം റിലീസ് ചെയ്തു. കുട്ടി പോലീസിൻ്റെ നേതൃത്വത്തിലുള്ള ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് ആണ് നിർമ്മാണം. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കുന്ന മൂന്നാമത്തെ ഹ്രസ്വചലച്ചിത്രമാണ് ആകാശം. ഗ്ലോവേം, ജനിതകം എന്നീ ചിത്രങ്ങൾ ഇതിനു മുമ്പ് സ്കൂളിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.

അധ്യാപകനും മാധ്യമ പ്രവർത്തകനുമായ സുനിൽ കൊടുവഴന്നൂരാണ് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന അശ്വനും അമലും കേഡറ്റുകളാണ്. സഹസംവിധായകയുടെ റോളിൽ സീനിയർ കേഡറ്റായ അനഘ ഭൂപേഷ് എത്തുന്നു. തിരുവനന്തപുരം ചിൽഡ്രൻ ആൻ്റ് പോലീസ് (CAP) ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഐ.ജി.പി.യും എസ്.പി.സി. സംസ്ഥാന നോഡൽ ഓഫീസറുമായ പി.വിജയൻ ഐ.പി.എസ്. റിലീസ് നിർവ്വഹിച്ചു. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അദ്ദേഹം റിലീസ് ചെയ്തു.

എസ്.പി. എക്സൈസ് വിജിലൻസ് കെ.മുഹമ്മദ് ഷാഫി, തിരുവനന്തപുരം റൂറൽ ജില്ലാ അസി. നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്കൂൾ പി.റ്റി.എ. വൈസ് പ്രസിഡൻ്റ് കെ.ശ്രീകുമാർ, ചിത്രത്തിൻ്റെ നിർമ്മാണ നിർവ്വഹണം നടത്തിയ കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു, ഛായാഗ്രഹണം നിർവ്വഹിച്ച താജുദ്ദീൻ, കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു. ഗ്രാസ്ഹോപ്പർ ക്രിയേഷൻസ് കഴിഞ്ഞ വർഷം നിർമ്മിച്ച് പുറത്തിറക്കിയ ജനിതകം കേരളത്തിലെ വിവിധ ചലച്ചിത്രമേളകളിൽ ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്.

LATEST NEWS