ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാക് ബാറ്റര്‍ സയിം അയുബ് കോഹ്‌ലിയും ജോ റൂട്ടും ഉള്‍പ്പെടുന്ന പട്ടികയില്‍. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ പാകിസ്ഥാന്റെ ആധികാരിക വിജയത്തില്‍ സയിം അയുബിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ അയുബ്, ഇന്നലെ ജോഹന്നാസ്ബര്‍ഗില്‍ 94 പന്തില്‍ നിന്ന് 101 റണ്‍സ് നേടി രണ്ടാം സെഞ്ച്വറിയും കുറിച്ചു. 107.45 സ്‌ട്രൈക്ക് റേറ്റില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പരമ്പരയില്‍ രണ്ടാമത്തെ സെഞ്ച്വറി നേടിയതോടെ അയുബ് കോഹ്‌ലി, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ഫഖര്‍ സമാന്‍ എന്നിരുള്‍പ്പെടുന്ന പട്ടികയിലും അയുബ് ഇടം നേടി. ദക്ഷിണാഫ്രിക്കയില്‍ ഒരു ദ്വിരാഷ്ട്ര ഏകദിന പരമ്പരയില്‍ രണ്ടോ അതിലധികമോ സെഞ്ച്വറികള്‍ നേടുന്ന സന്ദര്‍ശക ബാറ്റര്‍മാരുടെ പട്ടികയിലാണ് താരം ഇടം നേടിയത്.
കോഹ്‌ലി, ഡേവിഡ് വാര്‍ണര്‍, കെവി പീറ്റേഴ്‌സണ്‍ എന്നിവര്‍ മൂന്ന് സെഞ്ച്വറികള്‍ വീതം നേടിയപ്പോള്‍ ഫഖര്‍ സമാനും ജോ റൂട്ടും സയിബ് അയുബും രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കി.