ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടേയും കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. കെഎല്‍ രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരും മികച്ച ബാറ്റിങുമായി കളം വാണു.
ഗില്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ ധ്രുവ് ജുറേല്‍ അര്‍ധ ശതകം നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും താരം 44 റണ്‍സില്‍ പുറത്തായി. പിന്നാലെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഗില്‍ 196 പന്തുകള്‍ നേരിട്ട് 16 ഫോറും 2 സിക്‌സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കു നഷ്ടമായ അഞ്ചില്‍ മൂന്ന് വിക്കറ്റുകളും ജോമല്‍ വാറിക്കനാണ് സ്വന്തമാക്കിയത്. ജുറേലിന്റെ വിക്കറ്റ് വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സിനാണ്. യശസ്വി ജയ്‌സ്വാള്‍ റണ്ണൗട്ടായി.
2 വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യക്ക് ഇന്ന് യശസ്വി ജയ്‌സ്വാള്‍, നിതീഷ് കുമാര്‍ റെഡ്ഡി, ധ്രുവ് ജുറേല്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഓപ്പണര്‍ കെഎല്‍ രാഹുല്‍ (38), സായ് സുദര്‍ശന്‍ (87) എന്നിവരാണ് ആദ്യ ദിവസം പുറത്തായത്.
ടെസ്റ്റ് നായകനായ ശേഷം ഗില്‍ ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. 13 ഫോറുകളും ഒരു സിക്‌സും സഹിതം ഗില്‍ 177 പന്തില്‍ 102 റണ്‍സെടുത്താണ് ശതകത്തിലെത്തിയത്. ടെസ്റ്റ് നായക പദവിയിലെത്തിയ ശേഷം ഗില്‍ നേടുന്ന അഞ്ചാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇന്നിങ്‌സിനുണ്ട്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ഇരട്ട ശതകത്തിലെത്തും മുന്‍പ് മടങ്ങി. ഇന്നലത്തെ സ്‌കോറിനോട് 2 റണ്‍സ് ചേര്‍ത്ത് താരം 175 റണ്‍സുമായി പുറത്തായി. 22 ഫോറുകള്‍ സഹിതമാണ് താരം 175ല്‍ എത്തിയത്. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. റണ്ണൗട്ടായാണ് ഇന്ത്യന്‍ യുവ ഓപ്പണറുടെ മടക്കം.
പിന്നീട് ഗില്ലിനൊപ്പം ക്രീസില്‍ ഒന്നിച്ച നിതീഷ് കുമാറും മികച്ച ബാറ്റിങ് പുറത്തെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് നഷ്ടമായത്. നിതീഷ് 4 ഫോറും 2 സിക്‌സും സഹിതം 43 റണ്‍സുമായി മടങ്ങി.
ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റണ്‍സ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകള്‍ നേരിട്ട് 12 ഫോറുകള്‍ സഹിതം താരം 87 റണ്‍സുമായി മടങ്ങി. രണ്ടാം വിക്കറ്റില്‍ യശസ്വി- സായ് സഖ്യം 193 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.
ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് ആദ്യം നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. രണ്ടാം വിക്കറ്റ് കിട്ടാന്‍ വിന്‍ഡീസിനു 251 റണ്‍സ് വരെ കാക്കേണ്ടി വന്നു.