സെഞ്ച്വറി, ഇം​ഗ്ലണ്ടിനു മേൽ തോൽവി നിഴൽ വീഴ്ത്തി ഹെഡ്; പിടിമുറുക്കി ഓസീസ്

Dec 19, 2025

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് ആധിപത്യവുമായി ഓസ്‌ട്രേലിയ. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 371 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 286 റണ്‍സില്‍ അവസാനിപ്പിച്ച് 85 റണ്‍സ് ലീഡുമായാണ് ഓസീസ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. നിലവില്‍ അവര്‍ക്ക് 356 റണ്‍സ് ലീഡ്.

ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയും ആറാമനായി എത്തിയ അലക്‌സ് കാരിയുടെ അര്‍ധ സെഞ്ച്വറിയുമാണ് ഓസീസിനു കരുത്തായത്. ഇരുവരും പുറത്താകാതെ ക്രീസില്‍ തുടരുന്നു. ഹെഡ് 13 ഫോറും 2 സിക്‌സും സഹിതം 142 റണ്‍സുമായി ക്രീസില്‍. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അലക്‌സ് കാരി 52 റണ്‍സുമായി ക്രീസില്‍. ജാക്ക് വെതറാള്‍ഡ് (1), മര്‍നസ് ലാബുഷെയ്ന്‍ (13), ഉസ്മാന്‍ ഖവാജ (40), കാമറൂണ്‍ ഗ്രീന്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായത്.

8 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. താരം 83 റണ്‍സെടുത്തു. ക്യാപ്റ്റനു ഉറച്ച പിന്തുണ നല്‍കി ജോഫ്ര ആര്‍ച്ചറും തലേദിവസത്തെ ബാറ്റിങ് മികവ് ആവര്‍ത്തിച്ചതോടെ അവര്‍ 286ല്‍ എത്തി ഓസീസ് ലീഡ് കുറയ്ക്കുകയായിരുന്നു. ആര്‍ച്ചര്‍ 51 റണ്‍സെടുത്തു. ജോഷ് ടോംഗ് 7 റണ്‍സുമായി പുറത്താകാതെ നിന്നു.

45 റണ്‍സെടുത്ത ഹാരി ബ്രൂക്ക്, 29 റണ്‍സെടുത്ത ബെന്‍ ഡക്കറ്റ് എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. ജാമി സ്മിത്ത് 22 റണ്‍സും ജോ റൂട്ട് 19 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

ആദ്യ രണ്ട് ടെസ്റ്റുകളിലും കളിക്കാതിരുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ടീമിലേക്കുള്ള മടങ്ങി വരവ് 3 വിക്കറ്റെടുത്ത് ആഘോഷിച്ചു. സ്‌കോട്ട് ബോളണ്ട്, നതാന്‍ ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. കാമറൂണ്‍ ഗ്രീന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു ഘട്ടത്തില്‍ 94ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. ട്രാവിസ് ഹെഡ്, ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍ എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഓസീസ് തകര്‍ച്ചയുടെ വക്കിലെത്തിയത്.അലക്‌സ് കാരിയുടെയും ഉസ്മാന്‍ ഖവാജയുടെയും വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റേയും കരുത്തിലാണ് ഓസീസ് മികച്ച സ്‌കോര്‍ നേടിയത്. അലക്‌സ് കാരി സെഞ്ച്വറിയോടെ 106 റണ്‍സും ഖവാജ 82 റണ്‍സും നേടി. സ്റ്റാര്‍ക്ക് 54 റണ്‍സും കണ്ടെത്തി.

ഓസീസ് സ്‌കോര്‍ 185 ല്‍ നില്‍ക്കെ ഖവാജെ മടങ്ങിയെങ്കിലും അലക്‌സ് കാരി 321 എന്ന സുരക്ഷിത സ്‌കോറില്‍ ടീമിനെ എത്തിച്ച ശേഷമാണ് പുറത്തായത്.

ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ബ്രയ്ഡന്‍ കര്‍സ്, വില്‍ ജാക്ക്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടോംഗ് ഒരു വിക്കറ്റും വീഴ്ത്തി.

LATEST NEWS