ടി20യില്‍ പുതിയ റെക്കോര്‍ഡിട്ട് ബാബര്‍ അസം; നേട്ടത്തില്‍ പിന്തള്ളിയത് കോഹ്‌ലിയെ

Feb 2, 2026

ലാഹോര്‍: ഇന്ത്യക്കെതിരായ ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാന്‍ നില്‍ക്കുന്നതിനിടെ അവരുടെ മുന്‍ നായകന്‍ ബാബര്‍ അസം അന്താരാഷ്ട്ര ടി20യില്‍ ശ്രദ്ധേയമായൊരു റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മുന്‍ പാക് നായകന്‍ മറികടന്നു. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി ബാബര്‍ അസമിനു സ്വന്തം. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 പോരാട്ടത്തില്‍ 50 റണ്‍സെടുത്താണ് ബാബര്‍ കോഹ്‌ലിയെ പിന്തള്ളി റെക്കോര്‍ഡിട്ടത്.

അന്താരാഷ്ട്ര ടി20യില്‍ ബാബറിന്റെ 39ാം അര്‍ധ സെഞ്ച്വറിയാണ് ലാഹോറില്‍ ഓസ്‌ട്രേലിയക്കെതിരെ പിറന്നത്. ഇതോടെ 38 അര്‍ധ സെഞ്ച്വറികളുള്ള കോഹ്‌ലിയെ ബാബര്‍ പിന്തള്ളി. മത്സരത്തില്‍ 36 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം ബാബര്‍ 50 റണ്‍സടിച്ച് പുറത്താകാതെ നിന്നു.

അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍

ബാബര്‍ അസം 39 എണ്ണം

വിരാട് കോഹ്‌ലി 38 എണ്ണം

രോഹിത് ശര്‍മ 32 എണ്ണം

മുഹമ്മദ് റിസ്വാന്‍ 30 എണ്ണം

ഡേവിഡ് വാര്‍ണര്‍, ജോസ് ബട്‌ലര്‍ 28 എണ്ണം

മത്സരത്തിലേക്ക് വന്നാല്‍ മൂന്നാം ടി20യും ജയിച്ച് പാകിസ്ഥാന്‍ പരമ്പര 3-0ത്തിനു തൂത്തുവാരി. 111 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മൂന്നാം പോരാട്ടത്തില്‍ പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയയുടെ പോരാട്ടം 16.5 ഓവറില്‍ വെറും 96 റണ്‍സില്‍ അവസാനിച്ചു.

ബാബറിനു പുറമെ ഓപ്പണര്‍ സയം ആയൂബ് 56 റണ്‍സെടുത്തു അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഷദബ് ഖാനും (46) തിളങ്ങി. 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത മുഹമ്മദ് നവാസിന്റെ മികച്ച ബൗളിങാണ് പാക് ജയം അനായാസമാക്കിയത്.

cake tower new
LATEST NEWS