ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന് ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.
അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര് അശ്വിന്. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന് ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന് ചൂണ്ടിക്കാണിക്കുന്നു.
‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’
‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’
‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്സ്, അഞ്ജും ചോപ്ര, ജുലന് ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന് വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.
![]()
![]()

















