ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും; ഏകദിന ടീമിലേക്ക് പരിഗണിക്കില്ല

Nov 20, 2025

മുംബൈ: പരിക്കേറ്റ് പുറത്തിരിക്കുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കക്കെയ്‌ക്കെതിരായ ഏകദിന പരമ്പരയിലേക്ക് ഹര്‍ദികിനെ പരിഗണിക്കില്ല. തുടയ്ക്കേറ്റ പരിക്കിനെ തുടർന്നു നിലവിൽ താരം ബം​ഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.

ഈ മാസം 30, ഡിസംബര്‍ 3, ഡിസംബര്‍ 6 തീയതികളിലാണ് ഏകദിന പോരാട്ടങ്ങള്‍. ഏകദിന ടീമിലേക്കുള്ള സാധ്യതകള്‍ നിലനില്‍ക്കാത്തതിനാല്‍ തന്നെ ഹര്‍ദിക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ്. അതിനു മുന്‍പ് താരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്കായി കളിക്കും.

അതേസമയം അടുത്ത ആഴ്ച മുതല്‍ ബറോഡ ടീമിനൊപ്പം ചേരാനായിരുന്നു ഹര്‍ദികിന്റെ ആദ്യ തീരുമാനം. എന്നാല്‍ നിലവില്‍ താരം ഈ മാസം 30ലേയോ അല്ലെങ്കില്‍ ഡിസംബര്‍ 2നു നടക്കുന്ന മത്സരത്തിലോ ബറോഡയ്ക്കായി ഇറങ്ങും. പ്രോട്ടീസിനെതിരായ ടി20 പരമ്പരയ്ക്കു മുന്‍പ് താരത്തിനു മൂന്ന് മത്സരങ്ങളെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കാന്‍ അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് ഹര്‍ദികിനെ പരിഗണിച്ചാലും താരത്തിനു മൂന്ന് മത്സരങ്ങളും കളിക്കാന്‍ സാധിക്കില്ല. അതിനാല്‍ കൂടിയാണ് ഹര്‍ദികിനെ പരിഗണിക്കുന്നതില്‍ ബിസിസിഐ വിമുഖത കാണിക്കുന്നത്. താരം രണ്ട് മാസത്തോളമായി കളത്തിനു പുറത്താണെന്നതും ബിസിസിഐ പരിഗണിക്കുന്നു.

മാത്രമല്ല ഏകദിനത്തേക്കാള്‍ കൂടുതല്‍ ഹര്‍ദികിനെ ടി20യില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ പദ്ധതികള്‍. പ്രത്യേകിച്ച് ടി20 ലോകകപ്പ് വരുന്ന സാഹചര്യത്തില്‍.

LATEST NEWS