ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ടി20 സെമി ഫൈനലിലും വെടിക്കെട്ട് ബാറ്റിങുമായി ഇന്ത്യയുടെ കൗമാര സെൻസേഷൻ വൈഭവ് സൂര്യവംശി. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിൽ 195 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യക്കായി താരം മിന്നും തുടക്കമാണ് നൽകിയത്. 15 പന്തിൽ 38 റൺസടിച്ച് താരം മടങ്ങിയെങ്കിലും അതിനിടെ പറത്തിയത് 4 സിക്സും 2 ഫോറും. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമെന്ന നേട്ടവും വൈഭവ് ഈ പ്രകടനത്തിലൂടെ സ്വന്തമാക്കി. 234 റൺസാണ് താരം ഇതുവരെ അടിച്ചെടുത്തത്.
പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പാകിസ്ഥാൻ താരം മാസ് സദാകത്തിനെ പിന്തള്ളിയാണ് വൈഭവ് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. പാക് താരത്തിനു 212 റൺസ്. ബംഗ്ലാദേശ് താരം ഹബിബുർ റഹ്മാൻ സോഹൻ 202 റൺസുമായി മൂന്നാം സ്ഥാനത്തുണ്ട്.
സെമി പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് മികച്ച സ്കോറാണ് ഉയർത്തിയത്. നിശ്ചിത 20 ഓവറിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് അടിച്ചെടുത്തു. മറുപടി പറായിനിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വൈഭവ് സിക്സർ തൂക്കി. ബംഗ്ലാ താരം റിപോൺ മൊണ്ടാലിനെ ഡീപ് മിഡ്വിക്കറ്റിലൂടെ താരം സികസർ തൂക്കി. തൊട്ടടുത്ത പന്തും താരം ഇതേ വഴി തന്നെ സിക്സർ പറത്തി.
വൈഭവിന്റെ ബാറ്റിങ് കരുത്തിൽ ഇന്ത്യ പവർപ്ലേ ഓവറുകളിൽ 62 റൺസും അടിച്ചു. ഒടുവിൽ അബ്ദുൽ ഗാഫറിന്റെ പന്തിൽ ജിഷൻ അലത്തിനു ക്യാച്ച് നൽകിയാണ് 14കാരൻ മടങ്ങിയത്. നേരത്തെ യുഎഇയ്ക്കെതിരായ പോരാട്ടത്തിൽ താരം അതിവേഗ സെഞ്ച്വറിയുമായി കളം വാണിരുന്നു. 144 റൺസാണ് താരം അടിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണർ ഹബിബുർ റഹ്മാൻ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്കു മുന്നിൽ മികച്ച സ്കോറുയർത്തിയത്. താരം 46 പന്തിൽ 65 റൺസ് നേടി. 18 പന്തിൽ 48 റൺസടിച്ച മെഹറോബും 14 പന്തിൽ 26 റൺസെടുത്ത് ജിഷൻ ആലവും ബംഗ്ലാദേശിനായി തിളങ്ങി.
![]()
![]()

















