ദുബൈ: 14കാരന്‍ വൈഭവ് സൂര്യവംശി വീണ്ടും വെടിക്കെട്ട് ബാറ്റിങുമായി കളം വാണു. അണ്ടര്‍ 19 ഏഷ്യാ കപ്പ് പോരാട്ടത്തില്‍ 95 പന്തില്‍ 171 റണ്‍സാണ് 14കാരന്‍ അടിച്ചുകൂട്ടിയത്. 14 സിക്‌സുകളും 9 ഫോറും ഉള്‍പ്പെട്ട തീപ്പൊരി ഇന്നിങ്‌സ്. യുഎഇക്കെതിരായ പോരാട്ടത്തില്‍ താരത്തിന്റെ മികവില്‍ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 433 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍.
സൂര്യവംശിയ്ക്കു പുറമേ ആരോണ്‍ ജോര്‍ജ് (69), വിഹാന്‍ മല്‍ഹോത്ര (69) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തായി. വേദാന്ത് ത്രിവേദി (38), അഭിഗ്യാന്‍ കുണ്ടു (32), കനിഷ്‌ക് ചൗഹാന്‍ (28) എന്നിവരും പിടിച്ചു നിന്നു.
മിന്നും ബാറ്റിങിനൊപ്പം ഒരു നേട്ടവും വൈഭവ് സ്വന്തമാക്കി. യൂത്ത് ഏകദിനത്തില്‍ ഏറ്റവു ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് 14കാരന്‍ സ്വന്തമാക്കിയത്. 2002ല്‍ അണ്ടര്‍ 19 പോരാട്ടത്തില്‍ അമ്പാട്ടി റായുഡു നേടിയ 177 റണ്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ആദ്യ 50ല്‍ എത്താന്‍ 30 പന്തുകളും സെഞ്ച്വറിയിലെത്താന്‍ 56 പന്തുകളുമാണ് വൈഭവിനു വേണ്ടി വന്നത്. 5 ഫോറും 9 സിക്‌സും സഹിതമായിരുന്നു സെഞ്ച്വറി.
യൂത്ത് ഏകദിന പോരില്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറി റെക്കോര്‍ഡ് നേരത്തെ തന്നെ വൈഭവ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ നേടിയ 52 പന്തിലെ സെഞ്ച്വറിയാണ് റെക്കോര്‍ഡ് പട്ടികയില്‍ ഇടം നല്‍കിയത്. പാകിസ്താന്‍ കമ്രാന്‍ ഗുലം നേടിയ 53 പന്തുകളിലെ സെഞ്ച്വറി നേട്ടമാണ് വൈഭവ് തകര്‍ത്തത്.
കഴിഞ്ഞ മാസം യുഎഇക്കെതിരെ തന്നെ റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പിലും താരം അതിവേഗ സെഞ്ച്വറി നേടി കളം വാണിരുന്നു. അന്ന് 42 പന്തില്‍ 144 റണ്‍സാണ് താരം അടിച്ചത്.




















