2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

Dec 26, 2025

അഹമ്മദാബാദ്: കേരളത്തിനെതിരായ വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അനായാസം വിജയം സ്വന്തമാക്കി കര്‍ണാടക. 8 വിക്കറ്റ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. കര്‍ണാടക 48.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 285 അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്.

മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരുടെ കിടിലന്‍ സെഞ്ച്വറികളാണ് കര്‍ണാടകയ്ക്ക് ജയമൊരുക്കിയത്. 130 പന്തില്‍ 14 ഫോറുകള്‍ സഹിതം 130 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്താകാതെ നിന്നു. ദേവ്ദത്ത് 137 പന്തില്‍ 12 ഫോറും 3 സിക്‌സും സഹിതം 124 റണ്‍സുമായി മടങ്ങി.

കര്‍ണാടക വിജയം സ്വന്തമാക്കുമ്പോള്‍ 25 റണ്‍സുമായി സ്മരനായിരുന്നു കരുണിനൊപ്പം ക്രീസില്‍. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (1) ആണ് പുറത്തായ മറ്റൊരു കര്‍ണാടക ബാറ്റര്‍.

കര്‍ണാടകയ്ക്ക് നഷ്ടമായ രണ്ട് വിക്കറ്റുകള്‍ എംഡി നിധീഷും അഖില്‍ സ്‌കറിയയും പങ്കിട്ടു.

നേരത്തെ ഏഴാമനായി ക്രീസിലെത്തി മിന്നും ബാറ്റിങുമായി കളം വാണ മുഹമ്മദ് അസ്ഹറുദ്ദീന്റെ കിടിലന്‍ അര്‍ധ സെഞ്ച്വറിയാണ് കേരളത്തിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒപ്പം ബാബ അപരാജിതിന്റെ അര്‍ധ ശതകവും കേരളത്തിനു നിര്‍ണായകമായി.

മുഹമ്മദ് അസ്ഹറുദ്ദീന്‍ 58 പന്തുകള്‍ നേരിട്ട് 4 സിക്സും 3 ഫോറും സഹിതം 84 റണ്‍സുമായി പുറത്താകാതെ നിന്നു. ബാബ അപരാജിത് 62 പന്തില്‍ 8 ഫോറും 2 സിക്സും സഹിതം 71 റണ്‍സും കണ്ടെത്തി. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (പുറത്താകാതെ 34), അഖില്‍ സ്‌കറിയ (27) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

LATEST NEWS