ബംഗളൂരു: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് കോഹ്‌ലി മറികടന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോഹ്‌ലി പുറത്തായി.
2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോനി 535 മത്സരങ്ങളാണ് കളിച്ചത്. ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതോടെ കോഹ്ലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോനിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോഹ്‌ലിയുടെ സമ്പാദ്യം 27,041 റണ്‍സ് ആണ്.
68 ടെസ്റ്റുകള്‍, 95 ഏകദിനങ്ങള്‍, 50 ടി20 മത്സരങ്ങള്‍ ഉള്‍പ്പടെ 213 മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് നയിച്ചു. 1989 മുതല്‍ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.
സജീവമായി ക്രിക്കറ്റില്‍ തുടരുന്ന സഹതാരങ്ങളായ രോഹിത് ശര്‍മ 486 മത്സരങ്ങളും രവിന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ള ടെസ്റ്റുകളുടെ എണ്ണത്തില്‍ കോഹ്ലിയുടെ സ്ഥാനം എട്ടാമതാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 53 റണ്‍സ് മാത്രമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി കൈവരിച്ചിരുന്നു. സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത് 623 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നുവെങ്കില്‍ കോഹ് ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്‌സ് മാത്രമായിരുന്നു.