ഇന്‍ഡോര്‍: ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലിന്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ത്രിപുരയ്‌ക്കെതിരെ വെറും 28 പന്തിലാണ് താരം സെഞ്ച്വറി നേടിയത്.
മത്സരത്തില്‍ താരം 35 പന്തില്‍ 12 സിക്‌സും 7 ഫോറും സഹിതം താരം 113 റണ്‍സുമായി പുറത്താകാതെ നിന്നു. മത്സരത്തില്‍ 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം പിടിച്ചു. 10.2 ഓവറില്‍ അവര്‍ ലക്ഷ്യം കണ്ടു. ഏറ്റവും വേഗമേറിയ ടി20 സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഋഷഭ് പന്തിന്റെ പേരിലായിരുന്നു. ഈ റെക്കോര്‍ഡാണ് താരം തിരുത്തിയത്.
ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന നേട്ടവും താരത്തിനു സ്വന്തം. എസ്‌റ്റോണിയ താരം സഹില്‍ ചൗഹാന്‍ നേടിയ 27 പന്തിലെ ശതകമാണ് ഈ പട്ടികയില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം അവസാനിച്ച ഐപിഎല്‍ മെഗാ താര ലേലത്തില്‍ വാങ്ങാന്‍ ആളില്ലാത്ത താരമായിരുന്നു ഉര്‍വില്‍. പിന്നാലെയാണ് താരത്തിന്റെ തീപ്പൊരി ഇന്നിങ്‌സ്.