ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ നടന്ന മത്സരത്തിലാണ് ടീമിന്റെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം പിടിച്ചെടുത്തെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎസ്എ സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ യുഎസ്എയ്ക്ക് 122 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താകാതെ 47 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ജോണ്‍സും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 16 റണ്‍സ് വീതം നേടി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.
മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണിങ് താരം അഞ്ച് റണ്‍സ് നേടി മടങ്ങി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹമ്മദ് മിര്‍സ 29 റണ്‍സ് നേടി, രണ്ടക്കം പിന്നിട്ട ഏക ഒമാന്‍ താരവും ഹമ്മദ് മിര്‍സയായിരുന്നു. വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ 65 റണ്‍സില്‍ ഒമാന്‍ ഓള്‍ ഔട്ടായി.