ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. നാലു നിയമ വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 14 ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനുമായി ഇന്ത്യ മത്സരങ്ങള്‍ കളിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഭീകരാക്രമണത്തില്‍ സാധാരണക്കാരായി നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭീകരരുമായുള്ള പോരാട്ടത്തില്‍ നിരവധി ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.
അവരുടെ ജീവത്യാഗങ്ങളെ വിലകുറച്ച് കാണരുത്. ദേശീയ താല്‍പ്പര്യത്തേക്കാള്‍ വലുതല്ല ക്രിക്കറ്റ് മത്സരമെന്നും ഹര്‍ജിയില്‍ പറയുന്നു. ഭീകരര്‍ക്ക് എല്ലാ സഹായവും നല്‍കിവരുന്ന പാകിസ്ഥാനുമായി കളിക്കുന്നത് സൈനികരുടെ ജീവത്യാഗത്തിന് വിരുദ്ധമായ സന്ദേശമാകുമെന്നും ഹര്‍ജിക്കാര്‍ പറയുന്നു.